ന്യൂസ്18 കേരളയിലെ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: കേരളയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി. ദിലീപ് കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ കട്ടപ്പനയിലെ ആര്‍കെ ലോഡ്ജിലാണ് സംഭവം. ദിലീപിന്റെ നില ഗുരുതരമായി തുടരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന വിവരങ്ങള്‍.
ഇന്നലെ രാത്രി മൂന്നു സുഹൃത്തുകള്‍ക്കൊപ്പമാണ് ദിലീപ് കുമാര്‍ കട്ടപ്പനയിലെ ആര്‍കെ ലോഡ്ജിലെത്തിയത്. ഇന്നലെ രാവിലെ 7.30ന് ലോഡ്ജ് ജീവനക്കാരനാണ് ദിലീപിനെ ജീവനൊടുക്കാന്‍ ശ്രമിച്ചനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചായകുടിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ ശ്രമം. വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ദിലീപിനെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദിലീപ് വെന്റിലേറ്ററില്‍ തുടരുകയാണ്.

കൊല്ലത്തെ സഹോദരി വീട്ടില്‍ ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷമാണ് ദിലീപ് കട്ടപ്പനയിലേക്ക് പോയതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

കഴിഞ്ഞമാസം ദളിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ദിലീപ് കുമാര്‍ പ്രതിയാണ്. രാജീവ് ദേവരാജ്, എസ് ലല്ലു, സിഎന്‍ പ്രകാശ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

