വിപ്രോയില്‍ ജോലി ചെയ്യുന്ന എട്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: മദ്യപിച്ചു വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

ലണ്ടന്‍: വിപ്രോയില്‍ ജോലി ചെയ്യുന്ന എട്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചത് ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചതിനാല്‍. രണ്ട് മലയാളികളും ആറു തമിഴ്നാട്ടുകാരുമുള്‍പ്പെടെയാണ് എട്ട് പേര്‍ മരിച്ചത്.
മദ്യപിച്ചു വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുംവരെ ഇയാള്‍ കസ്റ്റഡിയില്‍ തുടരും. അപകടത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവര്‍ അടുത്തമാസം 11ന് കോടതിയില്‍ ഹാജരാകണം.

സാധാരണ വാഹാനാപകടങ്ങളില്‍ ഡ്രൈവര്‍ക്കു ജാമ്യം നല്‍കി വിട്ടയച്ചശേഷം സാവധാനം കോടതി നടപടികള്‍ ആരംഭിക്കുകയാണു ബ്രിട്ടനില്‍ പതിവ്. എന്നാല്‍ ഈ അപകടത്തിന്റെ ഭീകരതയും മോട്ടോര്‍വേയിലൂടെ മദ്യപിച്ചു ട്രക്ക് ഓടിക്കാന്‍ കാണിച്ച അവിവേകവും കണക്കിലെടുത്തു കോടതി ഇയാളെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26 വരെയാണ് കസ്റ്റഡി.

നോട്ടിങ്ങാമില്‍ താമസിക്കുന്ന മലയാളിയായ ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയക് ജോസഫ് എന്ന ബെന്നി (51) ഓടിച്ചിരുന്ന മിനിവാനും ട്രക്കുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വാനിലുണ്ടായിരുന്ന വിപ്രോ കമ്ബനിയിലെ യുവ മലയാളി എന്‍ജിനീയര്‍ ഋഷി രാജീവ്കുമാറും ഡ്രൈവര്‍ ബെന്നിയും ഉള്‍പ്പെടെ എട്ടുപേരാണു മരിച്ചത്.

