പേരാമ്പ്രയില്‍ രാജവെമ്പാലയെ വളഞ്ഞു ചുറ്റി ഞെരുക്കി പെരുമ്പാമ്പ്

പേരാമ്പ്ര: രാജവെമ്പാലയും പെരുമ്പാമ്പും തമ്മില്‍ മല്‍പ്പിടുത്തം. തന്നെ പിടികൂടിയ രാജവെമ്പാലയെ വളഞ്ഞു ചുറ്റി ഞെരുക്കി പെരുമ്പാമ്പ്. ഇന്നലെ ഉച്ചയോടെ പെരുവണ്ണാമൂഴി – ചെങ്കോട്ടക്കൊല്ലി വട്ടക്കയം പാതയോരത്താണ്
ഇരു പാമ്പുകളുടെയും മല്‍പ്പിടുത്തം അരങ്ങേറിയത്.
ഇരയാക്കാനാണ് പെരുമ്പാമ്പിനെ രാജവെമ്പാല പിടികൂടിയത്. പെരുമ്പാമ്പിന്റെ തല രാജവെമ്പാലയുടെ വായിലായിരുന്നു. ജീവന് രക്ഷിക്കാനായി പെരുമ്പാമ്പ് രാജവെമ്പാലയുടെ തലയടക്കം വരിഞ്ഞു മുറുക്കി പൂട്ടി. വഴിപോക്കരായ കുട്ടികള്‍ ഇത് കണ്ട് നാട്ടുകാരെ വിവരമറിയിച്ചു. ഭയചകിതരായ പ്രദേശവാസികള്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്ബുപിടുത്ത വിദഗ്ദ്ധന് സുരേന്ദ്രന് കരിങ്ങാടിനെ വിവരമറിയിച്ചു.

പേരാമ്പ്ര ചെറുവണ്ണൂരില്‍ മറ്റൊരു പാമ്പിനെ വലയിലാക്കുകയായിരുന്ന സുരേന്ദ്രന് പെരുവണ്ണാമൂഴിയിലെത്തി പാമ്പുകളെ തന്റെ വരുതിയില്‍ സ്വതന്ത്രരാക്കി പെരുവണ്ണാമൂഴിയിലെ വനം വന്യജീവി പരിപാലന കേന്ദ്രത്തിലെത്തിച്ചു. ഇവിടെ ഒരേ ചില്ലുകൂട്ടില്‍ രണ്ടു പാമ്ബുകളെയും ഒന്നിച്ചിട്ടു.

രണ്ടു വശത്തായി രണ്ടു പേരും ചുരുണ്ടു കിടപ്പാണ്. സുരേന്ദ്രന് പിടിക്കുന്ന അറുപത്തി ആറാമത്തെ രാജവെമ്പാലയാണിത്. ആണ് വര്‍ഗത്തില്‍ പെട്ട ഇതിനു നാലര മീറ്റര്‍ നീളവും 35 സെന്റിമീറ്റര്‍ വണ്ണവുമുണ്ട്. പ്രദേശത്തെ ജനങ്ങള്‍ രാജവെമ്പാലയെ കണ്ടുവെന്നു മുമ്പേ തന്നെ വനപാലകരെ അറിയിച്ചിരുന്നു. വനാതിര്‍ത്തി ഭാഗമാണു വട്ടക്കയം.

