മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അയര്‍ലന്റുകാര്‍

കാണാതായ പലതും അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയാല്‍ ശരിക്കും നമുക്കൊരു സന്തോഷമാണ്, അല്ലേ? എന്നാലിതാ ഇവിടെ ഈ നാട്ടുകാര്‍ക്കും ഒരുകാര്യം തിരിച്ചുകിട്ടിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട ഒരു വസ്തുവാണ് അയര്‍ലന്റുകാര്‍ക്ക് തിരിച്ചുകിട്ടിയത്. പേനയോ പെന്‍സിലോ ഒന്നുമല്ല അത്. ഒരു ദ്വീപാണ്.
1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ മണലെല്ലാം കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തത്. മണല്‍ മാറി പാറക്കൂട്ടങ്ങള്‍ തീരം കൈയടിക്കിയതോടെ ആരും ഈ സുന്ദരമായ ബീച്ചിലേക്കെത്താതായി. ഇതോടെ വിനോദ സഞ്ചാരികളുടെ വരവും നിലച്ചു. ബീച്ചിനു സമീപത്തുണ്ടായിരുന്ന നൂറുകണക്കിനു ഹോട്ടലുകളും മറ്റും അടച്ചു പൂട്ടേണ്ടി വന്നു.

എന്നാല്‍ 33 വര്‍ഷത്തിനു ശേഷം പ്രകൃതി അത്ഭുതം പ്രവര്‍ത്തിച്ചു. കനത്ത വേലിയേറ്റത്തെത്തുടര്‍ന്ന് ടണ്‍ കണക്കിനു മണല്‍ വിരിച്ചു ബീച്ച് തിരികെയെത്തിച്ചു. ഒരു രാത്രി കൊണ്ടാണ് പ്രകൃതി ഇവിടെ അത്ഭുതം സൃഷ്ടിച്ചത്. പത്തു ദിവസത്തോളമെടുത്തു ഈ പ്രക്രിയ തുടര്‍ന്നു. ഏകദേശം 300 മീറ്ററോളം വരുന്ന പ്രദേശത്താണ് മണല്‍ വിരിച്ച് മനോഹരമായ കടല്‍ത്തീരം സമ്മാനിച്ചിരിക്കുന്നത്.

1984ല്‍ കനത്ത കൊടുങ്കാറ്റിനേയും പേമരിയേയും തുടര്‍ന്നാണ് ബീച്ച് കടലെടുത്തത്. എന്തായാലും ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഇവിടുത്തെ ഗ്രാമവാസികള്‍ സന്തോഷത്തിലാണ്. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ കടല്‍ത്തീരം തിരികെ കിട്ടിയതില്‍. പതിയെ വിനോദ സഞ്ചാരവും വളരുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാര്‍.

