വീട്ടു ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു

മധ്യപ്രദേശ്: ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സാഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്.
ഉന്നത ജാതിയില്‍പ്പെട്ട ഒരു കുടുംബമാണ് കൃത്യത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് രാഘവേന്ദ്രയ്ക്കും മര്‍ദനമേറ്റിട്ടുണ്ട്. രാഘവേന്ദ്രയും ഭാര്യയ്ക്കൊപ്പം ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ചിരുന്നു.

സംഭവത്തെ കുറിച്ച് രാഘവേന്ദ്ര പറയുന്നത് ഇങ്ങനെയാണ്;

താനും ഭാര്യയും കൂടി മരുന്നുവാങ്ങാന്‍ പോകുകയായിരുന്നു. അതിനിടെ ചിലര്‍ തടഞ്ഞുനിര്‍ത്തി ജോലിക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മരുന്നുവാങ്ങാന്‍ പോകേണ്ടിയിരുന്നതിനാല്‍ ജോലിക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ തങ്ങളുടെ മേല്‍ ചാടിവീണ അക്രമകാരികള്‍ ഭാര്യയുടെ മൂക്ക് കോടാലി കൊണ്ട് മുറിക്കുകയായിരുന്നുവെന്നും രാഘവേന്ദ്ര പ്രതികരിച്ചു.

വനിതാ കമ്മീഷന് അംഗം ലതാ വാങ്കഡേ സംഭവത്തില്‍ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
