പൂക്കാട് കലാലയത്തില്‍ നടന്ന ദേശീയ നൃത്തോല്സവം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി
ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ നടന്ന ദേശീയ നൃത്തോല്സവം ഹൃദ്യമായി. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
10 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 150 കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിച്ചു. പഞ്ചാബിന്റെ നാടോടി നൃത്തമായ ജന്തുവ, ബംഗ്ര, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മയൂര നൃത്തം, കര്‍ണാടകയുടെ ഡ്രംഡാന്സ് സൊല്ലുകുണിത, തമിഴ്നാട്ടിലെ കരകയാട്ടം, കാവടിയാട്ടം, ഒഡിഷയുടെ സാമ്പല്പുരി നൃത്തം, ആന്ദ്രയുടെ ഗരഗളു, തെലുങ്കാനയുടെ ദിംസഡാന്സ്, ഗുജറാത്തിന്റെ സിദ്ധിധമല് എന്നിവയാണ് അരങ്ങിലെത്തിയ പ്രധാന നൃത്ത രൂപങ്ങള്‍.

പരിപാടി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് അധ്യക്ഷനായി. എ.പി.രാജേന്ദ്രന്, യു.കെ.രാഘവന്, കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു.

