KOYILANDY DIARY.COM

The Perfect News Portal

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

ബോണസ് ലഭിക്കുന്നതിനുളള ശമ്ബളപരിധി പുതുക്കിയ സ്കെയിലില്‍ 22,000 രൂപയില്‍ നിന്ന് 24,000 രൂപയായും പഴയ സ്കെയിലില്‍ 21,000 രൂപയില്‍നിന്ന് 23,000 രൂപയായും വര്‍ദ്ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും3,500 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തി.

ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് നല്‍കുന്ന ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2,750 രൂപയായി ഉയര്‍ത്തി. എല്ലാവിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നല്‍കും.

Advertisements

1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 100 രൂപ അധികം നല്‍കും. എക്സ്ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുളളവര്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല.

സ്വാതന്ത്ര്യസമര പെന്‍ഷന്‍ ഉയര്‍ത്തി

കേരള സ്വാതന്ത്ര്യസമരസേനാനി പെന്‍ഷന്‍, തുടര്‍ പെന്‍ഷന്‍ എന്നിവ 10,800 രൂപയില്‍നിന്ന് 11,000 രൂപയായി വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യസമര പെന്‍ഷന്‍, തുടര്‍ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരുടെ നിരക്കുകള്‍ക്ക് തുല്യമായി പരിഷ്കരിക്കാനും തീരുമാനിച്ചു.

പ്രവാസിക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു
കേരള പ്രവാസിക്ഷേമ പെന്‍ഷന്‍ ഏകീകൃതനിരക്കില്‍ 2000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു നിരക്കിലാണ് കേരള പ്രവാസിക്ഷേമ ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കുന്നത്. 300 രൂപ അംശാദായം അടക്കുന്നവര്‍ക്ക് 1000 രൂപയും 100 രൂപ അടക്കുന്നവര്‍ക്ക് 500 രൂപയുമാണ് നിലവില്‍ പെന്‍ഷന്‍. ഇനിമുതല്‍ എല്ലാവര്‍ക്കും 2000 രൂപ ലഭിക്കും.

കൃഷിവകുപ്പിനു കീഴിലുളള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനിലെ സ്റ്റാഫ്, ഓഫീസര്‍ വിഭാഗത്തില്‍പെട്ടവരുടെ ശമ്ബളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കുളള തെരഞ്ഞെടുപ്പുകളില്‍ മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്ന കായിക ഇനങ്ങളില്‍ സൈക്ലിംഗിന്റെ പ്രത്യേക ഇനങ്ങളായ ട്രാക്ക്, റോഡ്, മൗണ്ടന്‍ ബൈക്ക് എന്നിവ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) സ്റ്റേറ്റ് പ്രൊജക്‌ട് ഡയറക്ടറേറ്റില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത സ്ഥിരം ഫിനാന്‍സ് ഓഫിസറുടെ ഒരു തസ്തിക സൃഷ്ടിക്കും.

മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയം വികസിപ്പിക്കുന്നതിനുളള 11.5 കോടി രൂപയുടെ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തും.

തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയില്‍ നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീജിത്ത് എന്ന കുട്ടി അനസ്തേഷ്യ നല്‍കുന്നതിലെ പിഴവുമൂലം മരണപ്പെട്ടതു കണക്കിലെടുത്ത് കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

അപകടത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം

കോഴിക്കോട്, വയനാട് ദേശീയപാതയിലെ കൈതപ്പൊയ്ലില്‍ ആഗസ്റ്റ് 5-നുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. മുതിര്‍ന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് സഹായം അനുവദിക്കുക. മരിച്ചവരില്‍ അഞ്ചുപേരും കുട്ടികളാണ്.

വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജൂലൈ 16-ന് വളളം മുങ്ങിമരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

സംസ്ഥാന ഇലക്‌ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു കീഴിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *