ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടി; തിയേറ്റര്‍ അടച്ചത് ജനറേറ്ററിന് ലൈസന്‍സ് ഇല്ലാത്തതിനാല്‍

ചാലക്കുടി: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടി. ലൈസന്‍സ് റദ്ദു ചെയ്ത് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അടച്ചുപൂട്ടല്‍. എന്നാല്‍ ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് നല്കിയിരുന്നതിനാല് ഷോ അനുവദിക്കാന്‍ സഗരസഭ തീരുമാനിച്ചു. ഇന്നു മുതല്‍ ഷോ ഇല്ലെന്ന് തിയറ്റര്‍ അധികൃതര്‍ അറിയിച്ചു.
തിയറ്ററിന്റെ ലൈസന്‍സും കെട്ടിടത്തിന്റെ കൈവശാവകാശവും റദ്ദാക്കിയാണ് ചാലക്കുടി നഗരസഭ കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്. കൗണ്‍സില്‍ അംഗീകാരമില്ലാതെ അഞ്ച് എച്ച്പി മോട്ടോര്‍ സ്ഥാപിച്ചതിന്റെ പേരിലാണ് ലൈസന്‍സ് റദ്ദു ചെയ്തതെന്നും, അനുമതി നല്‍കിയതില്‍ കൂടുതല്‍ സ്ഥലത്ത് അനധികൃതമായി നിര്‍മാണം നടത്തിയതിനാണ് ഒക്യുപ്പന്‍സി (കൈവശാവകാശം) റദ്ദാക്കുന്നതെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചു.

നേരത്തെ, ഡി-സിനിമാസ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ലാന്റ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാന് കോവിലകം വകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ഥലം കൈയേറിയതല്ലെന്ന് കണ്ടെത്തിയെങ്കിലും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നഗരസഭ നിര്‍ദേശിക്കുകയായിരുന്നു.

