അമിത്ഷായുടെ ആസ്തി അഞ്ച് വര്‍ഷം കൊണ്ട് 300 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അഞ്ച് വര്‍ഷം കൊണ്ട് 300 ശതമാനം ആസ്ഥിയുടെ വര്‍ധനവ്. എട്ടര കോടിയായിരുന്ന ആസ്തി 34 കോടി രൂപയായാണ് വര്‍ധിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങളും പുറത്തായി. താന്‍ ബിരുദം പാസായിട്ടില്ലെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സ്മൃതി ഇറാനി നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനിലും ഡിഎന്‍എ പത്രത്തിലുമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ വാര്‍ത്ത ഇരു മാധ്യമങ്ങളും വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്. വാര്‍ത്ത മുക്കിയതിനുള്ള വിശദീകരണമൊന്നും പത്രങ്ങള്‍ നല്‍കിയിട്ടില്ല.
2012ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെയും രാജ്യസഭാ തെരഞ്ഞെടുപ്പിലെയും സത്യവാങ്മൂലം താരതമ്യം ചെയ്തപ്പോഴാണ് അമിത് ഷായുടെ ആസ്തിയിലെ വന്‍വര്‍ധനവ് വെളിച്ചത്തുവന്നത്. രണ്ട് കോടി 60 ലക്ഷം രൂപയുടെ ബാധ്യത 47 ലക്ഷമായി കുറയുകയും ചെയ്തിട്ടുണ്ട്. 10 കോടി 38 ലക്ഷം രൂപയുടെ ആസ്തി പാരമ്പര്യമായി കിട്ടിയതാണെന്നാണ് അമിത് ഷായുടെ വിശദീകരണം.

