മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കൊയിലാണ്ടി ദേശീയപാതയില്‍ അടിയന്തര അറ്റകുറ്റപ്പണി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് ദേശീയപാതയില്‍ അടിയന്തര അറ്റകുറ്റപ്പണി. ശനിയാഴ്ച മൂന്ന് മണിക്ക് കൊയിലാണ്ടിയില്‍ നെസ്റ്റിന്റെ കിഴിലുള്ള നിയാര്‍ക്കിന്റെ ശിലാസ്ഥാപനത്തിനാണ് മുഖ്യമന്ത്രിയെത്തുന്നത്. കൊയിലാണ്ടിയിലെ പരിപാടിക്ക് ശേഷം കണ്ണൂരിലും മുഖ്യമന്ത്രിക്ക് പരിപാടിയുണ്ട്.
ദേശീയപാതയില്‍ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം വലിയ കുഴിയുണ്ട്. അതുകൂടാതെ ചെങ്ങോട്ടുകാവ് മേല്‍പ്പാലം റോഡും ആകെ തകര്‍ന്നു കിടപ്പാണ്. തുടര്‍ന്ന് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് മുതല്‍ പാലക്കുളംവരെയും റോഡ് തകര്‍ന്നിട്ടുണ്ട്. ഈ ഭാഗങ്ങളിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.

ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ കുഴിയടയ്ക്കല്‍ പണി നടക്കുന്നതിനാല്‍ വലിയ ഗതാഗത സ്തംഭനമാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ബസ്സുകളും മറ്റും കൊയിലാണ്ടി-കാപ്പാട് തീരദേശ പാതയിലൂടെ തിരിച്ചുവിട്ടു. തീരദേശപാതയില്‍ പൊയില്‍ക്കാവ് ബീച്ചിനും കാപ്പാട് തുവ്വപ്പാറയ്ക്കുമിടയിലുള്ള 900 കിലോമീറ്റര്‍ നീളത്തില്‍ ടാറിങ് പ്രവൃത്തി നടത്താത്തതിനാല്‍ യാത്ര ദുരിതമയമാണ്.

ദേശീയപാത ടാറിങ് ചെയ്യുന്നതിലെ ഗുണനിലവാരമില്ലായ്മയാണ് റോഡ് വേഗത്തില്‍ തകരാന്‍ കാരണം. മഴ ശക്തമായി പെയ്തിട്ടും താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാത വലിയ തകരാറൊന്നുമില്ലാതെ നിലനില്‍ക്കുന്നുണ്ട്. ഈ അടുത്ത കാലത്തൊന്നും ഈ സംസ്ഥാനപാത റീ ടാറിങ് നടത്തിയിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. എന്നാല്‍ ദേശീയപാതയിലാകട്ടെ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടക്കുന്നുണ്ട്.

