റേഷൻ കാർഡ്: കൊയിലാണ്ടിയിൽ പരാതി നൽകാൻ ആയിരങ്ങൾ ക്യൂവിൽ

കൊയിലാണ്ടി: അടുത്തിടെ പുറത്തിറക്കിയ പുതിയ റേഷൻ കാർഡിൽ അപാകതകൾ വലിയതോതിൽ കടന്നുകൂടിയ സാഹചര്യത്തിൽ സർക്കാർ അനുവദിച്ച പരാതി സ്വീകരിക്കാനുള്ള ദിവസങ്ങൾ അടുത്തെത്തിയതോടെ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് കൊയിലാണ്ടി സിവിൽ സ്‌റ്റേഷനിൽ പരാതി നൽകൻ എത്തിയത്. ഓഫീസ് തുറക്കുന്നതിന് മുമ്പ് തന്നെ വലിയ ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. പരാതിയില്ലാത്ത റേഷൻ കാർഡില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ സർവ്വെ പ്രകാരം കൊടുത്ത അഡ്രസ്സിൽ മാറ്റം വരുകയും, അക്ഷരത്തറ്റ് വലിയതോതിൽ കടന്നുകൂടുകയും ചെയ്തത് കാർഡുടമകളെ ചെറുതൊന്നുമല്ല പ്രയാസത്തിലാക്കിയത്.
പൗരന്മാരെ നാല് തരമായി തിരിച്ചപ്പോൾ ഓരോ കാററഗറിയിലും ആർഹതയില്ലാത്തവരാണ് എത്തിച്ചേർന്നത്. സർക്കാരിന്റെ മാനദണ്ഡപ്രകാരം ബി. പി. എൽ ലസ്റ്റിൽ കടന്നൂകൂടേണ്ടവർ അതിൽ നിന്ന് പുറത്താവുകയും അർഹതയില്ലാത്തവർ അത്തരത്തിൽ കടന്നുകൂടുകയും ചെയ്തതോടെ പ്രാദേശിക സർക്കാരുകൾക്കെതിരെ ജനം പ്രതിഷേധവുമായി രംഗത്തുവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അത്രയേറെ പരാതികളാണ് കടന്നുകൂടിയിട്ടുള്ളത്.

വിഷയം രാഷ്ട്രീയ ആയുധത്തിന് വേണ്ടി പലരും ഏറ്റുപിടിച്ചിരിക്കുകയാണ്. എന്നാൽ 2014 ലെ യു. പി. എ. സർക്കാർ കാലത്ത് നടത്തിയ സർവ്വെ പ്രകാരമുള്ള ലിസ്റ്റനുസരിച്ചാണ് പുതിയ റേഷൻ കാർഡ് ബി. ജെ. പി. ഗവർമെന്റ് പുറത്തിറക്കിയതെന്ന സത്യം മറച്ചുവെക്കാൻ യു. ഡി. എഫ്. മത്സരിക്കുകയാണെന്ന് എൽ. ഡി. എഫ്. പറയുമ്പോൽ പിണറായി സർക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് യു. ഡി. എഫ്.ഉം ആരോപിക്കുന്നു. പരാതി പ്രളയം പരിഹരിക്കാനും, കാർഡുടമകളെ സഹായിക്കാനും പ്രാദേശിക രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. ജൂലായ് 31 വരെയാണ് പരാതി നൽകാനുള്ള അവസാന തിയ്യതി.

