ഭൂസംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ റാലി

താമരശേരി: പുതുപ്പാടി വില്ലേജിലെ ആയിരത്തി നാനൂറോളം കുടുംബങ്ങളുടെ ഭൂമി ക്രയവിക്രയ സ്വതന്ത്ര്യത്തിനുവേണ്ടി ഭൂസംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി ആയിരങ്ങള്‍ റാലി നടത്തി.
രണ്ടാഴ്ചയായി പുതുപ്പാടി വില്ലേജിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികളും കുടുംബശ്രീക്കാരും ഓട്ടോ ടാക്സി തൊഴിലാളികളും കച്ചവടക്കാരും തൊഴിലാളികളും കര്‍ഷകരും പ്രകടനമായെത്തി.

ഈങ്ങാപ്പുഴയില്‍ നിന്നും വെസ്റ്റ് കൈതപ്പൊയിലില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത രണ്ട് പ്രകടനമായാണ് സമരപന്തലിലെത്തിയത്. റാലി ആരംഭിച്ചതോടെ ദേശീയ പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഈങ്ങാപ്പുഴ, കൈതപ്പൊയില്‍ എന്നിവിടങ്ങളില്‍ നിന്നും വാഹനങ്ങള്‍ തിരിച്ചുവിടുകയായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായാണ് നാട്ടുകാര്‍ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നത്.

അര നൂറ്റാണ്ടിലധികം കൈവശം വെച്ച് നികുതിയടച്ചു പോരുന്ന ഭൂമി പോലും വില്‍ക്കാനോ പണയപ്പെടുത്താനോ പറ്റാത്ത തരത്തില്‍ റവന്യു അധികൃതര്‍ കൂച്ചുവിലങ്ങിടുകയായിരുന്നു. പുതുപ്പാടി വില്ലേജിലെ ഒന്നേ ബാര്‍ ഒന്ന്,നൂറെ ബാര്‍ ഒന്ന് എന്നീ സര്‍വ്വേയില്‍ പെട്ട ഭൂമിയാണ് മിച്ച ഭൂമിയുടെ പേരില്‍ റവന്യു വകുപ്പധികൃതര്‍ നടപടിയുമായി രംഗത്തു വന്നത്. തുടര്‍ന്ന് ശക്തമായ സമര പരിപാടികളുമായി ഭൂ സംരക്ഷണ സമിതി രംഗത്തുവരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച നാട്ടുകാര്‍ ഐക്യ ദാര്‍ഢ്യവുമായി റാലി നടത്തിയത്. ക്രമ സമാധാന പാലനത്തിനായി നൂറുക്കണക്കിനു പൊലീസുകാര്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇന്നലെയും നിരവധി സംഘടനാ നേതാക്കള്‍ സമരപന്തലിലെത്തി.

