ബംഗാളി കലാകാരി ദേബ് ജയ് സർക്കാർ കൊയിലാണ്ടിയിൽ നൃത്തചുവടുകൾ വെച്ചപ്പോൾ

കൊയിലാണ്ടി : കഥക് നടനകലയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ബൃജ മഹാരാജിന്റെ ശിഷ്യയും ലക്നോ ഖരാനയുടെ പ്രയോക്താവുമായ ബംഗാളി കലാകാരി ദേബ് ജയ് സർക്കാർ കൊയിലാണ്ടിയിൽ നൃത്തചുവടുവെച്ചു. അപ്രതീക്ഷിത സാന്നിധ്യവും നടനോപഹാരവും കൊയിലാണ്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ നടന വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
ദേശീയ നൃത്തമായ കഥകിന്റെ ഭാവരാഗ താളലയ മുദ്രകളിലൂടെ നടന രൂപത്തിന്റെ ബാലപാഠങ്ങൾ അവർ കുട്ടികൾക്ക് പകർന്ന് നൽകി. കഥകിന്റെ സംഗീത്, നട് വരി, പരമേലു, തരാനാ എന്നീ സമ്പ്രദായങ്ങളാണ് അഞ്ച് മണിക്കൂർ നീണ്ട അവതരണത്തിലൂടെ ദേബ് ജയ് വിദ്യാർത്ഥികൾക്ക് മുമ്പിൽ അനാവരണം ചെയ്തത്. കുട്ടികൾ ഹസ്ത മുദ്രകളുയർത്തി ചുവട് വെച്ചതും ശ്രദ്ധേയമായി.

കേരള പര്യടനത്തിന്റെ ഭാഗമായാണ് അവർ കൊയിലാണ്ടിയിലെത്തിയത്. സ്കൂളിലെ നടനം നാട്യയോഗ ക്ലബ്ബും സ്പിക്മാകയും ചേർന്ന് അനുഗ്രഹീത കലാകാരിക്ക് ആതിഥ്യമരുളി. പ്രധാന അധ്യാപകൻ മൂസ്സ മേക്കുന്നത്ത്, ഭരതാഞ്ജലി മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.

