കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം റെയ്ഡ്: പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിലും മറ്റ് ഭക്ഷണം വിൽപ്പന കേന്ദ്രത്തിലും നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രണ്ട് സ്ഥാപനങ്ങൾ പൂട്ടിയിടാൻ ഉത്തരവായി.
കൊയിലാണ്ടി, കൊല്ലം ടൗണിലും ചില പെട്ടിക്കടകളിലുമാണ് വൃത്തിഹീനമായ സാഹചര്യത്തിൽ വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. ഇന്ന് കാലത്തായിരുന്നു റെയ്ഡ് ആരംഭിച്ചത്. പഴകിയ കറികൾ, ചോറ്, ഇറച്ചി, എണ്ണ, മാവ് എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.

മഴക്കാലത്ത് സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡോക്ടർമാരുടെയും, ജീവനക്കാരുടെയും, നഗരസഭാ ഹെൽത്ത് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ യോഗം വിളിച്ചുചേർത്തിരുന്നു. രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാൻ അടിയന്തരമായി ഇടപെടാനും യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിൽ കടലോര മേഖലയിൽ ഉൾപ്പെടെ റെയ്ഡ് തുടരുമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. പ്രമോദ്, എം. കെ. സുബൈർ, ടി. കെ. അശോകൻ, കെ. എം. പ്രസാദ് എന്നിവർ നേതൃത്വം നൽകി.

