ജി.വി.എച്ച്.എസ്സ്.എസ്സ് പുസ്തക മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പുസ്തകമേള വായനയുടെ സ്വര്‍ഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, കെ. ആര്‍. മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ബെന്യാമിന്റെ ആടുജീവിതം, എം.ടി.യുടെ രണ്ടാമൂഴം,ഡോ. സിബി മാത്യൂസിന്റെ നിര്‍ഭയം, ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
കഥേതര പുസ്തകങ്ങളാണ് കൂടുതലും വിറ്റുപോകുന്നത്. സാമൂഹിക, രാഷ്ട്രീയ, ചരിത്ര വിഷയങ്ങള്‍ സംബന്ധിച്ചുള്ള ലേഖന സമാഹാരങ്ങളും പഠനങ്ങളും ജീവചരിത്രങ്ങളും വിദ്യാര്‍ഥികള്‍ ചോദിച്ചു വാങ്ങുന്നു. 250 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ 300 രൂപയുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വായനവാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ എന്‍. എസ്. എസ്. യൂണിറ്റും മീഡിയ ക്ലബ്ബുമാണ് മേള സംഘടിപ്പിച്ചത്. മീഡിയ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സാജിദ് അഹമ്മദ് ഏക്കാട്ടൂര്‍ ,യു. ഫൈസല്‍, എ. സുബാഷ് കുമാര്‍, കരുണന്‍ എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കുന്നു.

