KOYILANDY DIARY

The Perfect News Portal

യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല: യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍

യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങള്‍ക്കും യോഗയില്‍ പ്രതിവിധിയുണ്ട്. ചിട്ടയായി അത് ശീലിച്ചാല്‍പ്പിന്നെ മരുന്നുസഞ്ചി വേണ്ട എന്നും പ്രമുഖ യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ പറയുന്നു

ജീവിതശൈലീ രോഗങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഇതു നിയന്ത്രിക്കാന്‍ യോഗ എത്രമാത്രം പ്രായോഗികമാണ്?

ജീവിതരീതിക്കും പ്രത്യേകിച്ച്‌ ഭക്ഷണരീതിക്കും മാറ്റംവന്നതോടെയാണ് ജീവിതശൈലീ രോഗങ്ങള്‍ ഇത്രയധികം വര്‍ധിച്ചത്. വീട്ടുവളപ്പിലെ പച്ചക്കറികളും വീട്ടിലുണ്ടാക്കുന്ന ഭക്ഷണവുമാണ് പണ്ടു നമ്മള്‍ കഴിച്ചിരുന്നത്. ശുദ്ധമായ അത്തരം ഭക്ഷണരീതിയില്‍നിന്ന് ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നു. ജീവിതം തിരക്കേറിയതോടെ ഭക്ഷണത്തിന് ശ്രദ്ധകൊടുക്കാന്‍ സമയമില്ലാതായിത്തീരുകയും ചെയ്തു.

Advertisements

വ്യായാമത്തിന്റെ അഭാവവും ജീവിതത്തിലുണ്ടായി. ഇതെല്ലാം ജീവിതശൈലീ രോഗങ്ങളുടെ അതിപ്രസരത്തിന് കാരണമായി. ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത് വിവിധതരത്തിലുള്ള സമ്മര്‍ദങ്ങളാണ്. ജോലിസംബന്ധമായും കുടുംബപരമായുമുള്ള നിരവധി സമ്മര്‍ദങ്ങള്‍ ആരോഗ്യത്തെ വലിയതോതില്‍ ബാധിക്കും. ഇത് ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാവാന്‍ പ്രധാനകാരണമാണ്. ഇതിനെ മറികടക്കാന്‍ ഏറ്റവും പ്രധാനം യോഗതന്നെയാണ്. ശരിയായ ഭക്ഷണക്രമത്തോടൊപ്പം ശാസ്ത്രീയമായ യോഗയും ജീവിതശൈലീ രോഗങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് ഉറപ്പാണ്. മരുന്നുകഴിക്കുക എന്ന പതിവ് പരിപാടി അവസാനിപ്പിക്കാനും ഇതു സഹായിക്കും.

യോഗ ശീലിച്ചാല്‍ മരുന്നുവേണ്ട എന്നാണോ?

മരുന്ന് എന്നത് രോഗത്തെ നിയന്ത്രിക്കല്‍ ആണ്. യോഗ സ്ഥിരമായി പരിശീലിക്കുന്ന ഒരാള്‍ക്ക് മരുന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്. ജീവിതശൈലീ രോഗങ്ങള്‍ക്ക് മരണംവരെ മരുന്നു കഴിക്കുന്നവരാണ് നമ്മള്‍. യോഗയിലൂടെ ഇതിനു പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പുപറയുന്നതിന് അനുഭവംതന്നെയാണ് അടിസ്ഥാനം. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, മാനസികസംഘര്‍ഷം എന്നുവേണ്ട ഇന്നുള്ള എല്ലാ ജീവിതശൈലീ രോഗങ്ങള്‍ക്കും യോഗ ഒരു പരിഹാരമാണ്. സാവധാനം മരുന്നുകള്‍ പൂര്‍ണമായും നിര്‍ത്താന്‍ യോഗയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും സാധിക്കും.

ശരിയായി യോഗചെയ്യേണ്ട രീതികള്‍ എന്തെല്ലാമാണ്?

തിരക്കേറിയ ജീവിതമാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം വ്യായാമത്തിനു ചെലവിടുകയെന്നത് സാധിക്കുന്ന കാര്യമല്ല. അരമണിക്കൂറാണ് ലഭിക്കുന്നതെങ്കില്‍ ആ സമയം ഫലപ്രദമായി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. ഉദാഹരണത്തിന് പ്രമേഹം എന്ന രോഗം ശരീരത്തിലെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കൂട്ടുകയാണ് ചെയ്യുന്നത്. യോഗയുടെ കൃത്യമായ പ്രയോഗത്തിലൂടെ ഗ്ലൂക്കോസിനെ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും. പാന്‍ക്രിയാസിലെ ഇന്‍സുലിന്റെ കുറവ് നികത്താന്‍ ഇതിനാവും.

പാന്‍ക്രിയാസിലെ കോശങ്ങളുടെ ക്ഷമതക്കുറവിനെ മസാജിങ്ങിലൂടെ മറികടക്കാന്‍ സാധിക്കും. ഉദാഹരണത്തിന് പവനമുക്താസനം എന്ന ആസനത്തിലൂടെ വയറിന്റെ ഉള്‍ഭാഗത്ത് നല്ല മസാജിങ് ലഭിക്കും. ഇതിലൂടെ പ്രവര്‍ത്തനക്ഷമമല്ലാത്ത അല്ലെങ്കില്‍ പ്രവര്‍ത്തനം കുറഞ്ഞുകൊണ്ടിരിക്കുന്ന ബീറ്റാ കോശങ്ങള്‍ക്ക് ഉത്തേജനം ലഭിക്കും. ഇന്‍സുലിന്‍ പുറമേനിന്ന് എടുക്കാതെ ഉള്ളില്‍നിന്നുതന്നെ കോശങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

സ്ഥിരം സുഖം ആസനം: സ്ഥിരതയോടുകൂടി സുഖമായി ലളിതമായി ചെയ്യുന്ന രീതിയാണ് യോഗയിലെ ആസനങ്ങളെന്ന് പതഞ്ജലി തന്നെ എഴുതിയിട്ടുണ്ട്. കഠിനമായി ജോലിചെയ്യുന്നവര്‍ എന്തിനാണ് പ്രത്യേകം വ്യായാമം ചെയ്യുന്നതെന്ന് സാധാരണയായി ചോദ്യംവരാറുണ്ട്. എന്നാല്‍, അത്തരക്കാര്‍ക്കും പ്രമേഹവും രക്ത സമ്മര്‍ദവുമുണ്ടാവാറുണ്ട്. ശാസ്ത്രീയമല്ലാത്തതിനാലാണത്. ഇരുപത് മിനിറ്റെങ്കിലും അത്തരക്കാര്‍ ഒരുദിവസം യോഗചെയ്താല്‍ ഇത്തരം രോഗങ്ങളൊന്നും ഇവരെ ബാധിക്കാറില്ല.

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ യോഗയുടെ പങ്കെന്താണ്?

ഇന്ന് പ്രായഭേദമെന്യേ കണ്ടുവരുന്ന ജീവിതശൈലീ രോഗമാണ് രക്തസമ്മര്‍ദം. പ്രായത്തിനനുസരിച്ച്‌ രക്തസമ്മര്‍ദത്തില്‍ അല്പം വ്യത്യാസമുണ്ടാകും. എന്നാല്‍, അതിലും കൂടിയാല്‍ മരുന്ന് വേണ്ടിവരും. ജീവിതകാലം മുഴുവന്‍ മരുന്നു കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്. രക്താതിസമ്മര്‍ദത്തിന് മരുന്നു കഴിക്കുകതന്നെവേണം. എന്നാല്‍, മരുന്നിനൊപ്പം യോഗ ശീലിച്ചുവന്നാല്‍ ഒരുഘട്ടം കഴിയുമ്ബോള്‍ മരുന്ന് പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധിക്കും. മാനസികസംഘര്‍ഷമാണ് പലപ്പോഴും രക്തസമ്മര്‍ദത്തിന് കാരണമാകുന്നത്. രക്തസമ്മര്‍ദം കൂടുകയോ കുറയുകയോ ആണ് ഇതിന്റെ ഫലം. ഇതിന് യോഗതന്നെയാണ് ഏറ്റവും നല്ല മരുന്ന്.

രാത്രിസമയം ജോലിചെയ്യേണ്ടിവരുന്നവരിലാണ് വളരെയധികം മാനസികസമ്മര്‍ദം കണ്ടുവരുന്നത്. ആസനത്തിലൂടെയും പ്രാണായാമത്തിലൂടെയും ധ്യാനത്തിലൂടെയും രക്തസമ്മര്‍ദത്തെ നമുക്ക് നേരിട്ട് നിയന്ത്രിക്കാവുന്നതാണ്. പ്രാണായാമം മനസ്സിനെ നിയന്ത്രിക്കുന്നതില്‍ വളരെ സഹായിക്കുന്ന ഒന്നാണ്. മനസ്സിനെ ശാന്തമാക്കാന്‍ ഏറ്റവും മികച്ച രീതികളിലൊന്നാണിത്.

രക്തസമ്മര്‍ദത്തിനെ വരുതിയിലാക്കാന്‍ മറ്റൊരു നല്ലമാര്‍ഗം യോഗനിദ്രയാണ്. ശവാസനം എന്ന് പൊതുവേ അറിയപ്പെടുന്ന യോഗനിദ്ര പരിശീലിച്ചാലുണ്ടാകുന്ന മാറ്റം പെ​െട്ടന്നുതന്നെ അറിയാനാവും. നടത്തംപോലെ തുടര്‍ച്ചയായ പ്രക്രിയയല്ല യോഗ. ഇടയ്ക്കിടെ വിശ്രമം നല്കിയാണ് യോഗ നല്‍കുന്നത്. ഈ വിശ്രമമാണ് സമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം. യോഗയില്‍ ഊര്‍ജം നഷ്ടപ്പെടുന്നില്ല. മറ്റേതു വ്യായാമത്തിലും സമ്മര്‍ദവും ഊര്‍ജനഷ്ടവും ഉണ്ടാവും.

ധ്യാനം രോഗനിയന്ത്രണത്തെ സഹായിക്കുന്നത് എങ്ങനെയാണ് ?

മെഡിറ്റേഷന്‍ അഥവാ ധ്യാനം യോഗയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ധ്യാനം എന്നും പറയാം. മനസ്സിനെ ശാന്തതയിലെത്തിക്കാന്‍ ഇതിനു സാധിക്കും. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ യോഗയിലൂടെ നിയന്ത്രിച്ച്‌ ധ്യാനാവസ്ഥയിലെത്തിക്കാന്‍ സാധിക്കും. മനസ്സിനെ നിയന്ത്രിക്കാനായാല്‍ത്തന്നെ എല്ലാരോഗങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കും.

ഇത് സാധാരണക്കാര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ?

സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ച്‌ ഇത് എളുപ്പത്തില്‍ സ്വായത്തമാക്കാനാവില്ല. അതിനാല്‍ ചില ആചാര്യന്‍മാര്‍ നമ്മുടെ ശരീരചലനത്തിലൂടെ മനസ്സിനെ നിയന്ത്രിച്ച്‌ ധ്യാനാവസ്ഥയില്‍ എത്തിക്കാനുള്ള രീതിയിലേക്ക് യോഗയെ മാറ്റി. അതാണ് ഹഠയോഗം എന്നറിയപ്പെടുന്നത്. പതഞ്ജലി മഹര്‍ഷി രാജയോഗയാണ് നിഷ്കര്‍ഷിച്ചത്. യോഗ അഭ്യാസം ഹഠയോഗവും രാജയോഗവും ചേര്‍ന്നതാണ്. ഇത് അഭ്യസിക്കുന്നതിലൂടെ സാധാരണക്കാരനും ധ്യാനം സ്വായത്തമാക്കാന്‍ എളുപ്പമാണ്.

യോഗ ചെയ്യുന്നത് മുക്തിക്കുവേണ്ടിയാണ് എന്ന് പറയാറുണ്ടല്ലോ?

മുക്തിയാണ് യോഗയുടെ ലക്ഷ്യം. എന്നാല്‍, ഇന്ന് 99 ശതമാനം ആളുകളും രോഗമുക്തിക്കുവേണ്ടിയും ആരോഗ്യസംരക്ഷണത്തിനുവേണ്ടിയുമാണ് യോഗ ചെയ്യുന്നത്. ഇന്നത്തെ ജീവിതരീതിയില്‍ അവരെ കുറ്റംപറയാനുമാവില്ല.

ആസനങ്ങള്‍, പ്രാണായാമം, യോഗനിദ്ര എന്നിവയിലൂടെ ധ്യാനത്തിലെത്തിയാല്‍ ചിന്തകള്‍ കുറയുകയും സമ്മര്‍ദമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അമിത പ്രവര്‍ത്തനത്തെ തടഞ്ഞ് കൃത്യതവരുത്തുകയും ചെയ്യും. അതോടെ ശാന്തമായ അവസ്ഥ ശരീരത്തിനുലഭിക്കും. അത് ചിന്തകളെ നിയന്ത്രിക്കാനും ഏകാഗ്രതവരുത്താനും കാരണമാവും. ഇതുവഴി ശരീരത്തിലെ ഓരോ ഭാഗങ്ങളെയും ശരിയാംവിധം പ്രവര്‍ത്തിപ്പിച്ച്‌ രോഗങ്ങളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കും. മരുന്നുപയോഗിക്കാതെ ജീവിതശൈലീ രോഗങ്ങളെ എന്നത്തേക്കുമായി അകറ്റിനിര്‍ത്താന്‍ കൃത്യമായ യോഗപരിശീലനത്തിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *