സി.പി.എം നേതാവിന്റെ വീടിന് നേരെ ബോംബേറ്

കുറ്റ്യാടി: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും കേരള കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറിയുമായ കെ.കെ. ദിനേശന്റെ വീടിനു നേരെ ബോംബേറ്. മൊകേരിയിലെ താഴേവടയത്തുള്ള വീടിന് നേരെ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ബോംബേറുണ്ടായത്. വീടിന്റെ താഴെ നിലയിലെ പ്രധാന വാതില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
വരാന്തയിലെ ഗ്രാനൈറ്റ് ചീളുകള്‍ ചിതറി തെറിച്ചു. വീടിന്റെ മുകള്നിലയിലേക്കെറിഞ്ഞ ബോംബ് ജനലില്‍ തട്ടി വീഴുകയായിരുന്നു. മേല്കൂരയില് പാകിയ ഓടുകള്‍ പൊട്ടി തകര്‍ന്നുവീണു. ബൈക്കിലെത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞതെന്ന് ദിനേശന് പറഞ്ഞു. സംഭവ സമയത്ത് ദിനേശനും ഭാര്യ രമ്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

എസ്.പി. പി.കെ.പുഷ്കരന്, ഡിവൈഎസ്പി ഇസ്മയില്‍, കുറ്റ്യാടി സി. ഐ ടി.സജീവന് എന്നിവര്‍ സ്ഥലത്തെത്തി. സി.പി.എം മൊകേരിയില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന് , പി.മെഹബൂബ്, കെ.കെ ലതിക, ടി.കെ മോഹന്‍ദാസ്, കുന്നുമ്മല്‍ കണാരന്, സി.എന്‍. ബാലകൃഷ്ണന്, പി.ജി ജോര്‍ജ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

