മഴ മഹോത്സവത്തിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ സ്പ്ലാഷ് 2017 ജൂലൈ ഒന്നുമുതല്‍ ഒന്‍പത് വരെ

കല്‍പ്പറ്റ: കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തി വരുന്ന വയനാട് മഴ മഹോത്സവത്തിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ സ് പ്ലാഷ് 2017 ജൂലൈ ഒന്നുമുതല്‍ ഒന്‍പത് വരെ നടക്കും. കല്‍പ്പറ്റ ഫ് ളവര്‍ ഷോ ഗ്രൗണ്ടായിരിക്കും പ്രധാന വേദിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കേരള ടൂറിസം, വയനാട് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, ജില്ലാ ഭരണകൂടം, എന്നിവയുടെ സഹകരണത്തോടെയാണ് മഴ മഹോത്സവം നടക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസം സംരംഭകര്‍ക്കിടയില്‍ വയനാട് മഴ മഹോത്സവത്തിന് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഈ പ്രാവശ്യം ആയിരം അപേക്ഷകര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 450 പേരെയാണ് ബി ടു ബി മീറ്റില്‍ പങ്കെടുപ്പിക്കുന്നത്. ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

മഡ് ഫുട് ബോള്‍, മണ്‍സൂണ്‍ മാരത്തണ്‍ , സൈക്ലിംഗ്, പാചക മത്സരം, ചിത്രരചന മത്സരം, ജീപ്പ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ എന്നിവയുണ്ടാകും. ഒന്നാം തീയതി മുതല്‍ സമാപന ദിവസം വരെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ട് ടൂറിസം സംരംഭകര്‍ക്കും സഞ്ചാരികള്‍ക്കും ഉല്ലാസകരമായ അനേകം പരിപാടികള്‍ ഈ വര്‍ഷം പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു.

ടൂറിസത്തിന്റെ വളര്‍ച്ച പ്രകൃതിയെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഒമ്പത് അജണ്ടകള്‍ ഇവിടെ നടപ്പാക്കുമെന്ന് കണ്‍വീനര്‍ ജോസ് കൈനടി പറഞ്ഞു. വയനാട് ടൂറിസം ഓര്ഗനൈസേഷന് പ്രസിഡണ്ട് കെ.ആര്.വാഞ്ചീശ്വരന്‍, സെക്രട്ടറി സി.പി. ശൈലേഷ് ,കോഡിനേറ്റര്‍ കെ.രവീന്ദന്, പ്രദീപ് മൂര്‍ത്തി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

