KOYILANDY DIARY.COM

The Perfect News Portal

കേരളം കണ്ട സ്വപ്നം ഇന്ന് കൊച്ചിയുടെ ആകാശത്ത് കുതിക്കും

കൊച്ചി > കേരളം കണ്ട സ്വപ്നം ഇന്ന് കൊച്ചിയുടെ ആകാശത്ത് കുതിക്കും. മെട്രോയുടെ വര്‍ണത്തിലും വേഗത്തിലുമലിയാന്‍ തുറമുഖനഗരം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന കൊച്ചി മെട്രോ കേരളത്തിന്റെയാകെ മനസ്സ് നിറയ്ക്കുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മെട്രോ നാടിന് സമര്‍പ്പിക്കും.

ശനിയാഴ്ച രാവിലെ 10.15ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡുമാര്‍ഗം പാലാരിവട്ടത്തെത്തും. 10.35ന് മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മെട്രോയില്‍ പത്തടിപ്പാലംവരെ യാത്രചെയ്യും. ട്രെയിനില്‍ത്തന്നെ തിരിച്ചെത്തിയശേഷം 11നാണ് കലൂരിലെ മുഖ്യ ഉദ്ഘാടനച്ചടങ്ങ്. കൊച്ചി വണ്‍ ആപ് മുഖ്യമന്ത്രി പിണറായി വിജയനും മെട്രോയാത്രയ്ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും വേണ്ടിയുള്ള കൊച്ചി വണ്‍ കാര്‍ഡ്‌ കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും പുറത്തിറക്കും. വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ഗതാഗതമന്ത്രി തോമസ് ചാണ്ടി, മേയര്‍ സൌമിനി ജയിന്‍, കെ വി തോമസ് എംപി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവരുമുണ്ടാകും.

പൊതുജനങ്ങള്‍ക്കായുള്ള മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതലാണ്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കായുള്ള യാത്ര മാത്രമേയുള്ളൂ. ഞായറാഴ്ച അഗതികള്‍ക്കും അനാഥര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി മെട്രോയാത്ര നടത്തും. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ് മെട്രോ ട്രെയിനുകള്‍ ഓടുക. ഇപ്പോള്‍ 11 സ്റ്റേഷനാണുള്ളത്. മൂന്നു കോച്ചുള്ള ആറു ട്രെയിനാണ് ആലുവ മുതല്‍ പാലാരിവട്ടംവരെ ഇരുവശത്തേക്കും ഓടുക. ഒമ്പതു മിനിറ്റ് വ്യത്യാസത്തിലാണ് ഓരോ ട്രെയിനും എത്തുക. ഒരു ട്രെയിനില്‍ ആയിരത്തോളം പേര്‍ക്ക് കയറാം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചി നഗരം വെള്ളിയാഴ്ചമുതല്‍തന്നെ കനത്ത സുരക്ഷാവലയത്തിലാണ്.

Advertisements

ശനിയാഴ്ച പകല്‍ 12.15ന് സെന്റ് തെരേസാസ് കോളേജില്‍ പി എന്‍ പണിക്കര്‍ ദേശീയ വായന മാസാചരണവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. 1.05ന് നാവികവിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോര്‍ഡ്റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. 1.25ന് ഡല്‍ഹിയിലേക്കു മടങ്ങും.
 

Share news

Leave a Reply

Your email address will not be published. Required fields are marked *