എലത്തൂരിനെ വിറപ്പിച്ചത് കാട്ട് പൂച്ചയെന്ന് ഫോറസ്റ്റ് അധികൃതർ

കൊയിലാണ്ടി: എലത്തൂരിനെ വിറപ്പിച്ചത് കാട്ട് പൂച്ചയെന്ന് ഫോറസ്റ്റ് അധികൃതർ ഇന്നലെ രാത്രി എലത്തൂരിൽ പുലിയിറങ്ങിയ വാർത്ത പരന്നതോടെ നാടാകെ ഭീതിയിലാകുകയായിരുന്നു. എലത്തൂർ പെട്രോൾ പമ്പിനു സമിപം ദർശന റോഡിലാണ് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്. രാത്രി 9 മണിയോടുകൂടിയായിരുന്നു പ്രദേശവാസികളായ മാട്ടുവയൽ ബൈജു, ഷംസു എന്നിവരാണ് പുലയെ കണ്ട വിവരം നാട്ടുകാരെ അറിയിക്കുന്നത്.
ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരുമ്പോഴാണ് ശംസു പുലിയെ കണ്ടത്. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോൾ എന്തോ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ബൈജു പുലിയെകണ്ടതും, ഭയന്ന് വീട്ടിലേക്ക് ഓടി കയറി വാതിലടക്കുകയുമായിരുന്നു.

ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും, താമരശ്ശേരിയിൽ നിന്ന് ഫോറസ്റ്റധികൃതരും, തൊട്ടു പുറകെ ഫയർഫോഴ്‌സും അവിടെ എത്തിച്ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിലാരംഭിക്കുകയായിരുന്നു. എന്നാൽ പുലിയെ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല.സ്ഥലത്ത് വൻ ജനാവലിയായിരുന്നു തടിച്ച്കൂടിയത്.

പിന്നീട് പുലിയുടേതെന്ന് സംശയിച്ച് കാൽപ്പാടുകൾ ഫോറസ്റ്റധികൃതർ പരിശോധിച്ചതിനെ തുടർന്ന് അത് പുലിയുടേതല്ലെന്നും കാട്ടു പൂച്ചയുടേതാണെന്നും സ്ഥിരീകരിച്ചതോടുകൂടിയാണ് നാട്ടുകാർക്ക് ശ്വാസം വീണത്.

