KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൻ്റെ കൈത്താങ്ങ്: കോഴിക്കോട് നിന്നുള്ള കേരള റസ്‌ക്യൂ ടീം നേപ്പാളിൽ എത്തി

.

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള റസ്‌ക്യൂ ടീമാണ് കാഠ്മണ്ഡുവില്‍ സ്വമേധയാ എത്തിയത്. സൈന്യത്തിന് ഒപ്പം ചേരാനുള്ള അനുമതി സംഘം തേടി. നിരവധി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രഞ്ജിത്ത് ഇസ്രയേലും സംഘത്തിലുണ്ട്. നേപ്പാളിലെ വാര്‍ത്തകള്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധത പ്രകടിപ്പിച്ചാണ് കൂരാചുണ്ടില്‍ നിന്നുള്ള നാല് പേര്‍ എത്തിയത്.

രഞ്ജിത്ത് ഇസ്രയേലിനെ കൂടാതെ ബിജു, സാദിഖ്, റിനോജ് എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് ദിവസം മുന്‍പാണ് കാഠ്മണ്ഡുവിലെത്തിയതെന്ന് രഞ്ജിത്ത് പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി അടക്കം ബന്ധപ്പെട്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള അനുമതി തേടിയെന്നും അദ്ദേഹം വ്യക്തമാക്കി. ടണല്‍ ഓപ്പറേറ്റേഴ്‌സിനെ നേപ്പാള്‍ നിലവില്‍ ക്ഷണിക്കുന്നുണ്ട്.

 

11 ഇന്ത്യന്‍ ആര്‍മി അംഗങ്ങള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇവരോടൊപ്പം ചേരാനും അല്ലാതെ സ്വതന്ത്രമായി രക്ഷാപ്രവര്‍ത്തനം നടത്താനും അനുമതി തേടിയിട്ടുണ്ട്. എത്രയും പെട്ടന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ – അദ്ദേഹം പറഞ്ഞു. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ഇവര്‍ വ്യക്തമാക്കി. നേപ്പാളിലെ മിന്നല്‍ പ്രളയ ദുരന്തത്തില്‍ കാണാതായ ഏഴ് മലയാളികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

ഓസ്‌ട്രേലിയയില്‍ താമസിച്ചിരുന്ന മലപ്പുറം പൊന്നാനി സ്വദേശി ശ്രീധരന്‍ അയ്യരുടെ കുടുംബത്തെയും കൊല്ലം പറവൂര്‍ സ്വദേശി സുനന്ദയെയും ആണ് എട്ടു ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത്. സുനന്ദയുടെ കുടുംബം ഡിഎന്‍എ സാമ്പിള്‍ നല്‍കി. ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതില്‍ ആശങ്കയുണ്ടെന്ന് ശ്രീധരന്‍ അയ്യരുടെ ബന്ധുക്കള്‍ പറഞ്ഞു. മാനസരോവര്‍ കൈലാസ തീര്‍ത്ഥാടനത്തിന് എത്തിയ ഏഴു മലയാളികളാണ് നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്.

 

ടിബറ്റന്‍ മേഖലയോട് ചേര്‍ന്ന റിസ്വയിലായിരുന്നു അവസാന ലൊക്കേഷന്‍. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എട്ടാം ദിവസവും നടക്കുകയാണ്. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള പൊന്നാനി സ്വദേശി ശ്രീധരന്‍ അയ്യര്‍, ഭാര്യ രൂപ, മക്കളായ ഋഷഭ്, രുദ്ര എന്നിവര്‍ ഓസ്‌ട്രേലിയന്‍ സംഘത്തോടൊപ്പം ആണ് തീര്‍ത്ഥാടനത്തിന് എത്തിയത്. ഇവരെ അന്വേഷിച്ച് കഴിഞ്ഞ ആറ് ദിവസമായി ബന്ധുക്കള്‍ നേപ്പാളില്‍ ഉണ്ട്.

 

Share news
error: Content is protected !!