ഇംഹാന്‍സിന്റെ സേവനം സാമൂഹ്യ നീതി വകുപ്പിന്റെ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) പ്രവര്‍ത്തനം സാമൂഹ്യ നീതി വകുപ്പിന്റെ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്നിലേയും തവനൂരിലേയും ഓള്‍ഡ് ഏജ് ഹോമുകള്‍ പോലെയുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് മനശ്ശാസ്ത്രപരമായ പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മനശ്ശാസ്ത്രജ്ഞരും സോഷ്യല്‍ വര്‍ക്കര്‍മാരും മറ്റുമുള്‍ക്കൊള്ളുന്ന ഒരു മൊബൈല്‍ ടീം നിശ്ചിത ദിവസങ്ങളില്‍ സ്ഥാപനങ്ങളിലെത്തി അന്തേവാസികള്‍ക്കാവശ്യമായ സഹായം നല്‍കും. അടുത്ത മാസം പദ്ധതി ആരംഭിക്കും.
നിലവില്‍ ഇംഹാന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വിഭാഗമായ ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസ് (സി.ഡി.എസ്.) കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ എത്തി സേവനം നല്‍കുന്നുണ്ട്. കുട്ടികളിലെ ബുദ്ധിവികാസ പ്രശ്നങ്ങളും മാനസിക വൈകല്യങ്ങളും നേരത്തെ കണ്ടെത്തി അവരവരുടെ പ്രദേശങ്ങളില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി (തിങ്കള്‍, വ്യാഴം), പേരാമ്ബ്ര (ചൊവ്വ, വെള്ളി), കടലുണ്ടി (ശനി) എന്നിവിടങ്ങളിലും മലപ്പുറം ജില്ലയില്‍ കോഴിച്ചെന (തിങ്കള്‍, ബുധന്‍), എടവണ്ണ (ചൊവ്വ), കിഴക്കേത്തല (വ്യാഴം, ശനി), എടപ്പാള്‍ (വെള്ളി) എന്നിവിടങ്ങളിലുമാണ് ക്ളിനിക്. ഫോണ്‍: കോഴിക്കോട് 9895359535, മലപ്പുറം 9447383406.

