വിയ്യൂരിൽ കനാൽ തകർന്നു വെള്ളം കയറി
കൊയിലാണ്ടി : വിയ്യൂരിൽ കനാൽ തകർന്നു വെള്ളം കയറി. വിയ്യൂർ ചെട്ട്യാംകണ്ടി ഭാഗത്താണ് കനാൽ തകർന്ന് വെളളം കയറിയത്. നിരവധി വീടുകളിലെ മുറ്റം വരെ വെള്ളം കയറി. ഇന്നു പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വിയ്യൂരിലെ പ്രധാന കനാലാണ് തകർന്നത്. 10 മീറ്റർ നീളത്തിലാണ് തകർന്നത്.
മേപ്പയൂർ റോഡിലും വെള്ളം കയറി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി എസ്.ഐ. പി.പി. രാജന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് പെരുവെട്ടൂരിലെ ഷട്ടർ അടച്ചതിന് ശേഷമാണ് വെളൊഴുക്കിന്റെ ശക്തി കുറഞ്ഞത്.

കനാൽ അറ്റകുറ്റപണികൾ കഴിഞ്ഞ രണ്ട് വർഷമായി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കനാലിൽ ചെറിയ പൊട്ടൽ ഉണ്ടായതിനെ തുടർന്ന് ചാക്ക് വെച്ച് അടച്ചതായിരുന്നു. വെളൊഴുക്ക് ശക്തമായതോടെ ഇവിടെയുള്ള മണ്ണ് ഒലിച്ചുപോവുകയായിരുന്നു. സ്ഥലം എം.എൽ.എ.കെ.ദാസൻ ഇറിഗേഷേൻ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കനാലിന്റെ അറ്റകുറ്റപണികൾ തീർക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

