കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി

കൊയിലാണ്ടി: സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി. ഈ മാസം ഒന്നാം തിയ്യതി കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റിൻ നിന്നും ഡി.വൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവന് കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരമാണ് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി ഉടമസ്ഥയ്ക്ക് തിരിച്ച് നൽകിയത്. കണ്ണങ്കടവ് പി.പി. ഹൗസിലെ ഫഹാദിന്റെ ഭാര്യ സുർമിനയ്ക്കാണ് പാദസരം തിരിച്ചേൽപ്പിച്ചത്. കൊയിലാണ്ടി സി.ഐ.കെ. ഉണ്ണികൃഷ്ണൻ കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് സ്വർണ്ണാഭരണം തിരിച്ചുനൽകി.
