ടാങ്കർ ലോറിക്ക് നേരെ അക്രമം: മൂന്ന് പേർ അറസ്റ്റിൽ

കൊയിലാണ്ടി: പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടറുമായി വരുകയായിരുന്ന ടാങ്കർ ലോറികൾ തകർത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. മുതുകാട് പെരുവണ്ണാമൂഴി ജിനേഷ് (29), കൂത്ത്പറമ്പ് പാച്ചപൊയ്ക വിജേഷ് (28), കൂത്ത്പറമ്പ് മണൽവയൽ തുവക്കുന്ന് ഷിജു (38) എന്നിവർക്കെതിരെയാണ് 308 വകുപ്പ് പ്രകാരം കേസ്സെടുത്തത് .
വ്യാഴാഴ്ച രാത്രി 10.30 ഓടെ തിരുവങ്ങൂരിൽ വെച്ചാണ് ലോറികൾ തകർത്തത്. ദീപ്തി ഗ്യാസ് ഏജൻസിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറികൾ മംഗലാപുരം പ്ലാന്റിൽ സമരമായതിനാൽ പാലക്കാട് എച്ച്.പി.യുടെ പ്ലാസ്റ്റിൽ നിന്നും ഗ്യാസുമായി വരുകയായിരുന്നു. ടാങ്കർ ലോറികൾ ഗ്യാസ് സിലിണ്ടറുമായി വരുന്നുണ്ടെന്ന വിവരമറിഞ്ഞ ഇവർ കാറിലെത്തി തിരുവങ്ങൂരിൽ വെച്ച് ലോറി തടയുകയും, ലോറി കാറ്റ് അഴിച്ചിടുകയും, ഗ്ലാസ് തകർക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർ സഞ്ചരിച്ച കാറും മൂന്നു പേരെയും കൈയോടെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

