ശബരിമല സ്വർണ മോഷണക്കേസ്: തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും
.
ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായകമായിട്ടുള്ള വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിട്ടുള്ളതായാണ് സൂചന.

അതേസമയം കൊടിമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യങ്ങൾ വേഗത്തിലാക്കാനാണ് എസ്ഐടി ആലോചന. 2017ലെ ദേവസ്വം ബോർഡ് അംഗങ്ങളെ അതിൻ്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം, ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട ഇ ഡി റെയ്‌ഡില്‍ പ്രതികളിൽ നിന്ന് കണ്ടു കെട്ടിയ 1.3 കോടി രൂപയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു.

സ്മാർട്ട് ക്രിയേഷൻസിൽ നിന്നും 100 ഗ്രാം സ്വർണകട്ടികളും പിടിച്ചെടുത്തു. സ്വർണം ചെമ്പാക്കിയ രേഖയും റെയ്‌ഡില്‍ കണ്ടെത്തിയെന്ന് ഇ ഡി പറഞ്ഞു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്.




