ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ
.
ലൈംഗികാതിക്രമ ആക്ഷേപത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി മുസ്ലിം ലീഗ് നേതാവ് ഷിംജിതയെ പോലീസ് സ്വകാര്യ കാറിൽ വൈദ്യപരിശോധനക്കെത്തിച്ചതിനെതിരെ പ്രതിഷേധം. പോലീസ് വാഹനം ഉപേക്ഷിച്ചാണ് യാത്ര നടത്തിയത്. കൂടെ യാത്ര ചെയ്ത പോലീസ് സിവിൽ വേഷത്തിലുമായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടു വനിതാപോലീസും ഒരു പുരുഷ പോലീസുമാണ് കാറിലുണ്ടായിരുന്നത്. കള്ളി ഷർട്ടും പാൻ്റ്സുമാണ് വനിതാ പോലീസുകാരുടെ വേഷം, അതേ പോലെ കള്ളി ഷർട്ട് ധരിച്ചാണ് പുരുഷ പോലീസും പ്രതിയോടൊപ്പം സഞ്ചരിച്ചത്. KL 57 R 9955 നമ്പർ കാറിലാണ് പ്രതിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചത്.

ഉന്നത മുസ്ലിം ലീഗ് നേതാക്കളുടെ ഒത്താശയിലാണ് പ്രതിക്ക് വിഐപി പരിഗണന ലഭിച്ചത്. പെറ്റി കേസിൽ പോലും പ്രതികളെ കൈയ്യാമംവെച്ച് റോഡിലൂടെ നടത്തിച്ചു പോകുന്ന പോലീസ് ഒരു യുവാവിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച പ്രതിയെ വിവിഐപി പരിഗണന നൽകി കൊണ്ടുപോയ സംഭവം അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പ്രതിയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനിടെ ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും.



