കേരളത്തിന്റെ ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതികളിൽ റിട്ട് ഹർജികൾ ഫയൽ ചെയ്യാൻ ഭരണഘടനാപരമായ അധികാരം ഇല്ലെന്ന് കാണിച്ച് കേരള സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഇഡിക്കും നോട്ടീസയച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതികളിൽ റിട്ട് ഹർജി നൽകാൻ ഇഡിക്ക് നിയമപരമായ അധികാരം ഇല്ലെന്നാണ് കേരളത്തിന്റെ വാദം.

സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസികൾ ഇത്തരം ഹർജികൾ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട് സർക്കാരും സമാനമായ വാദങ്ങളുമായി സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഏജൻസികൾ സർക്കാരിന്റെ ഭാഗമാണെന്നും സ്വതന്ത്രമായ രീതിയിൽ റിട്ട് ഹർജികൾ നൽകാൻ അവർക്ക് അവകാശമില്ലെന്നും തമിഴ്‌നാടും കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കുകയും വിശദമായ മറുപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസ് നാല് ആഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കൻ നെത്ത ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയിട്ടുള്ള ബെഞ്ചാണ് നിലവിൽ കേസ് പരിഗണിച്ചിട്ടുള്ളത്.




