KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രത്തിലെ ഗാനമേളയിൽ ആർ എസ് എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

.

കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ എസ് എസ് ഗണഗീതം പാടിയത് വിവാദമാകുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. തിങ്കളാഴ്ച വൈകീട്ട് നടന്ന ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെയായിരുന്നു സംഭവം.

 

തൃശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ആർഎസ്എസിനെ പ്രകീർത്തിക്കുന്ന ഗണഗീതം ആലപിച്ചത്. പാട്ട് തുടങ്ങിയതോടെ സ്ഥലത്തുണ്ടായിരുന്ന സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്ക് കയറി. രാഷ്ട്രീയഭേദമന്യേ നാട്ടുകാരുടെ പണപിരിവ് നടത്തി ആഘോഷിക്കുന്ന ഉത്സവത്തിൽ ഒരു വിഭാഗത്തിന്റെ മാത്രം രാഷ്ട്രീയ അജണ്ടകൾ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

Advertisements

 

പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പണം ഉപയോഗിച്ച് നടത്തുന്ന കലാപരിപാടിയിൽ ആർഎസ്എസ് ഗാനങ്ങൾ ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു. മതസൗഹാർദ്ദത്തോടെ നടക്കുന്ന ഉത്സവങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നാടിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Share news