KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം

.

ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരക്ക് നാളെ തുടക്കമാകും. നാഗ്പൂരില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ട്വന്റി ട്വന്റി ലോക കപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണ് ന്യൂസിലാന്‍ഡുമായി നടക്കുന്നത്. ലോക കപ്പിനുള്ള ഒരുക്കം കൂടി മുന്നില്‍ക്കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയില്‍ നിനച്ചിരിക്കാതെ വന്ന പരമ്പര നഷ്ടം മറികടക്കാനും ട്വന്റി ട്വന്റി സ്‌ക്വാഡിനെ കുറ്റമറ്റതാക്കാനും കൂടിയുള്ള പരമ്പര എന്ന പ്രത്യേകത കൂടി കിവീസ്-ടീം ഇന്ത്യ പരമ്പരക്ക് ഉണ്ട്.

 

ടി ട്വന്റി ലോക കപ്പ് നിലനിര്‍ത്തുകയെന്ന കടുത്ത ലക്ഷ്യമുള്ളതിനാല്‍ കുറ്റമറ്റ ടീമിനെ വാര്‍ത്തെടുക്കണം ഇന്ത്യക്ക്. ഏതൊക്കെ താരങ്ങള്‍ അവസാന ഇലവനില്‍ എത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ശുഭ്മാന്‍ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മ്മയോടൊപ്പം ഓപ്പണിങ്ങിനിറങ്ങുമെന്നാണ് വിവരം. എന്നാല്‍ ആദ്യ ഇലവനിലെത്താന്‍ സഞ്ജുവിന് ഇനിയുമുണ്ട് കടമ്പ. നല്ല ഫോമിലുള്ള ഇഷാന്‍ കിഷനെ മറികടക്കണമെങ്കില്‍ മികച്ച പ്രകടനം കാത്തിരിക്കേണ്ടി വരും സഞ്ജു സാംസണ്. ശ്രേയസ് അയ്യര്‍ ടീമിലുണ്ടെങ്കിലും ഇഷാന്‍ കിഷനായിരിക്കും കളിക്കാന്‍ അവസരം നല്‍കുക. ഒട്ടും ഫോമില്ലാതെ കളിക്കുന്ന സൂര്യകുമാര്‍ യാദവ് ടീം ഇന്ത്യക്ക് ബാധ്യതയാകുമോ എന്ന ആശങ്കയുണ്ട്.

Advertisements

 

അക്‌സര്‍ പട്ടേല്‍ ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായിരിക്കും. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ബൗളിങ് നിരയിലുള്ള പ്രധാന താരങ്ങള്‍. അതേ സമയം ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഓരോ താരത്തിനെയും കൃത്യമായി വിലയിരുത്തിയായിരിക്കും ലോക കപ്പിനുള്ള സ്‌ക്വാഡ് ഉണ്ടാക്കുക. താരങ്ങളുടെ ഫോമും ഫിറ്റ്‌നസും ടീമിന് നല്‍കുന്ന സംഭാവനകള്‍, റോള്‍ എന്നിവയായിരിക്കും സൂക്ഷമമായി വിലയിരുത്തുക. ഇക്കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

 

അതിനിടെ ഇന്ത്യയില്‍ ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച ന്യൂസിലാന്‍ഡ് ട്വന്റി ട്വന്റി പരമ്പര കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പ് നടത്തിയാണ് നാഗ്പൂരിലിറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന കിവീസ് ടീം അഞ്ച് മത്സരങ്ങളുള്ള ട്വന്റി ട്വന്റി കൂടി സ്വന്തമാക്കാനായിരിക്കും ശ്രമം നടത്തുക. ജനുവരി 31 ന് തിരുവനന്തപുരത്താണ് പരമ്പരയിലെ അവസാന മത്സരം. ഫെബ്രുവരി ഏഴിനാണ് ട്വന്റി ട്വന്റ് ലോക കപ്പ് ആരംഭിക്കുന്നത്.

 

Share news