KOYILANDY DIARY.COM

The Perfect News Portal

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രത്തെ കടന്നാക്രമിച്ചും ഗവർണറുടെ നയപ്രഖ്യാപനം; കേരളം കുതിപ്പിന്റെ പാതയിൽ

.

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ ഗവർണർ, കേരളം വികസന പാതയിൽ അതിവേഗം കുതിക്കുകയാണെന്നും ഇത് സംസ്ഥാനത്തിന് നിർണ്ണായക വർഷമാണെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഗവർണർ പറഞ്ഞു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളേക്കാൾ കുറയ്ക്കാൻ കഴിഞ്ഞതും, ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ സേവനങ്ങളും ഉറപ്പാക്കിയതും വലിയ നേട്ടങ്ങളായി അദ്ദേഹം അവതരിപ്പിച്ചു. ഡിജിറ്റൽ വേർതിരിവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും ഏക കിടപ്പാട നിയമം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചുവെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

Advertisements

 

അതേസമയം, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഉന്നയിച്ചു. കേരളത്തിന് നൽകേണ്ട കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി. യാതൊരു ന്യായീകരണവുമില്ലാതെ വായ്പാ പരിധിയിൽ വരുത്തിയ 17,000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കിയതായി ഗവർണർ പറഞ്ഞു.

 

കേന്ദ്ര നടപടികൾ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെയും ക്ഷേമ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികൾ സംസ്ഥാനത്തിന് തിരിച്ചടിയായെന്നും ആവശ്യം അനുസരിച്ച് തൊഴിൽ നൽകുന്ന കേരളത്തോടുള്ള കേന്ദ്ര സമീപനം ഫെഡറലിസത്തിന് വിരുദ്ധമാണെന്നും പ്രസംഗത്തിൽ പരാമർശിച്ചു. ധനകാര്യ കമ്മീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ കേന്ദ്രം സമ്മർദ്ദം ചെലുത്തുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇത്രയേറെ പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് ഗവർണർ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കായി വലിയ തോതിൽ പണം നീക്കിവെക്കാൻ സർക്കാരിന് സാധിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗം അടിവരയിടുന്നു.

 

Share news