ശബരിമല സ്വർണമോഷണ കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന
.
ശബരിമല സ്വർണകൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി പരിശോധന. ദേവസ്വം ബോർഡ് ആസ്ഥാനത്തും, മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാരായിരുന്ന എ പത്മകുമാർ, കെ വാസു എന്നിവരുടെ വീട്ടിലും ഇഡി പരിശോധന നടത്തും. പോറ്റിയുടെ വീട് ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഓഫീസിലും ചെന്നൈ സ്മാർട്ട് ക്രിയേഷനിലും പരിശോധന നടക്കും.

കേരളത്തിന് പുറത്ത് നിന്നുൾപ്പെടെയുള്ള നൂറിലധികം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ്. മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലും പോറ്റിയുടെ വെഞ്ഞാറമൂട് പുളിമാത്തുള്ള വീട്ടിലും വാസുവിന്റെ പേട്ടയിലെ വീട്ടിലുമുൾപ്പെടെ തിരുവനന്തപുരത്ത് മൂന്നിടങ്ങളിലാണ് ഇന്ന് പരിശോധന നടക്കുന്നത്.

ബെംഗളൂരുവിലെ ഗോവര്‍ധന്‍റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധനയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് ഇഡിയുടെ പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.




