താമരശേരി ചുരത്തിൽ നിയന്ത്രണം ശക്തമാക്കും
.
താമരശേരി: ചുരത്തിലെ മണ്ണിടിച്ചിൽ പരിഹരിക്കാൻ ശാശ്വത നടപടികളുമായി ജില്ലാ ഭരണകേന്ദ്രം. ചുരം ഒമ്പതാം വളവിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്താണ് നെറ്റ് വിരിച്ച് തുടർ ഭീഷണി ഒഴിവാക്കാൻ ശ്രമിക്കുന്നത്. ചുരത്തിലെ പ്രവൃത്തി തീരും വരെ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കുള്ള നിരോധനം കർശനമാക്കുവാനും കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നവീകരണ പ്രവൃത്തിയുടെയും വളവുകളിൽ മുറിച്ചിട്ട മരം കയറ്റുന്നതിന്റെയും ഭാഗമായിട്ടാണ് മൾട്ടി ആക്സിൽ വാഹനങ്ങൾ നിരോധിച്ചത്.

ചുരത്തിൽ വാഹനങ്ങൾ കേടാവുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ ക്രെയിൻ സർവീസ് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണം ലംഘിച്ച് നിരവധി മൾട്ടി ആക്സിൽ വാഹനങ്ങൾ പകൽ സമയങ്ങളിൽ കൂട്ടത്തോടെ എത്തുകയും വാഹനം കുടുങ്ങി ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തരമായി യോഗം ചേർന്നത്.




