ഓവുചാല്‍ ശുചീകരണത്തിനിടയില്‍ വിഗ്രഹം കണ്ടെത്തി
തളിപ്പറമ്പ്: ഓവുചാല്‍ ശുചീകരണത്തിനിടയില്‍ വിഗ്രഹം കണ്ടെത്തി. തളിപ്പറമ്പ് മുക്കോല വട്ടപ്പാറയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് വിഗ്രഹം ലഭിച്ചത്.
മണ്‍വെട്ടിയില്‍ കുടുങ്ങിയ വിഗ്രഹം തോഴിലാളികള്‍ പുറത്തെടുത്ത് നഗരസഭാ അധികൃതരേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കയാണ്.

മൂന്ന് മാസം മുമ്പ് ഇതേ സ്ഥലത്ത് ശുചീകരണ പ്രവൃത്തി നടത്തിയിരുന്നുവെങ്കിലും അന്ന് വിഗ്രഹം കണ്ടിരുന്നില്ല. അതിനാല്‍ കഴിഞ്ഞ മാസങ്ങളിലാണ് ഇത് ഓവുചാലില്‍ തള്ളിയതെന്ന് കരുതുന്നു. 6.45 കിലോഗ്രാം തൂക്കമുള്ള വിഗ്രഹം വരാഹമൂര്ത്തിയുടേതാണെന്ന് സംശയിക്കുന്നു.

ഒരടി ഉയരമുള്ള വിഗ്രഹത്തിന് നാഗപടവുമുണ്ട്. നാഗപടമുള്ള വരാഹ മൂര്‍ത്തി വിഗ്രഹം അപൂര്‍വ്വമാണെന്ന് പറയപ്പെടുന്നു. പഞ്ചലോഹമാണോ ഓട്ടുവിഗ്രഹമാണോയെന്ന് കൂടുതല്‍ പരിശോധനയില്‍ മാത്രമേ അറിയാന്‍ പറ്റൂ.

എഎസ്ഐ എം.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വിഗ്രഹം കഴുകി ശുചീകരിച്ച് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കയാണ്. നാളെ രാവിലെ വിഗ്രഹം തലശേരി ആര്‍ഡിഒ കോടതി മുമ്പാകെ ഹാജരാക്കും
