കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു; മുഖ്യമന്ത്രി
.
നാട് മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻറെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു പ്രക്ഷോഭമാണിത്.
ഈ നാടിനെ അർഹതപ്പെട്ടത് നിഷേധിക്കരുത് ഇതാണ് നാം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും തരത്തിൽ അനർഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. സംസ്ഥാനങ്ങൾക്ക് ഭരണഘടനാനുമായി അവകാശപ്പെട്ട കാര്യങ്ങൾ നിഷേധിക്കരുത്. ഇക്കാര്യത്തിൽ വ്യക്തമായ അനുഭവമാണ് നമുക്കുള്ളത്. ഇക്കാര്യത്തിൽ കേരളത്തോട് താല്പര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് കേന്ദ്രത്തിനെതിരെ ശക്തമുയർത്തുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിലെ ചില വിഭാഗങ്ങൾ അത്തരത്തിൽ കേരളത്തിനുവേണ്ടി ശബ്ദമുയർത്താൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നിൽക്കുന്നത്. കേരളത്തിൻറെ താൽപര്യം ഒരുതരത്തിലും ഉയർത്താൻ അവർ തയ്യാറല്ല. പകപോക്കൽ നടപടിയാണ് കേന്ദ്രം കേരളത്തിലെ ജനങ്ങളോട് സ്വീകരിക്കുന്നത്. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനത്തിനെതിരെ ശബ്ദമുയർത്താൻ പ്രതിപക്ഷം തയ്യാറാകുന്നില്ല.

എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുന്ന കാലം ഇവിടെ നാട് മുന്നോട്ട് പോകാൻ പാടില്ല എന്ന ഹീന ബുദ്ധി മനസ്സിൽ വെച്ചുകൊണ്ടുള്ള സമീപനമാണ് പ്രതിപക്ഷം തുടരുന്നത്. കേരളത്തെയും കേരള സർക്കാരിനെയും വലിയതോതിൽ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ നിലപാടിന് പിന്തുണ നൽകുന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ ഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു പോരാട്ടത്തിലേക്ക് നമുക്ക് കടക്കേണ്ടി വന്നത് നമ്മുടെ നാടിന്റെയും ജനതയുടെയും അതിജീവനത്തിന്റെ പോരാട്ടമായാണ് ഇതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



