KOYILANDY DIARY.COM

The Perfect News Portal

തോൽവിക്ക് പിന്നാലെ വാണിമേലിൽ ലീ​ഗിൽ പൊട്ടിത്തെറി

.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ​വാണിമേൽ പഞ്ചായത്തിലെ കനത്ത തോൽവിക്ക് പിന്നാലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി. ലീഗിനെ പരാജയപ്പെടുത്തി എൽഡിഎഫാണ് ഇത്തവണ ഭരണത്തിലെത്തിയത്. ഒരു വിഭാഗം പ്രവർത്തകർ ഭൂമിവാതുക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി പഞ്ചായത്ത് ലീഗ് ഓഫീസിലേക്ക് ഇരച്ചുകയറുകയും ഓഫീസ് പൂട്ടുകയും ചെയ്തു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് നൂറിലേറെ പ്രവർത്തകർ മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധ പ്രകടനം നടത്തിയത്.

 

ടൗണിൽ എത്തിയ പ്രവർത്തകർ കൂട്ടമായി ചേരുകയും പിന്നീട് ഓഫീസിലേക്ക് ഇരച്ച് കയറുകയുമായിരുന്നു. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. മുസ്ലീം ലീ​ഗ് ഭരിക്കുന്ന പഞ്ചായത്തായ വാണിമേൽ പഞ്ചായത്തിൽ ഇത്തവണ ഇടതു പക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടുകയും ഭരണത്തിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രവർത്തകർക്കിടയിലുണ്ടായ വിഭാ​ഗീയത കൂടുതൽ രൂക്ഷമാകുകയായിരുന്നു.

Advertisements

 

ഏറെ നാളായി വാണിമേൽ പഞ്ചായത്തിൽ മുസ്ലിംലീഗിൽ വിഭാഗീയ പ്രവർത്തനം ഉണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ സമൂഹമാധ്യമങ്ങളിലും തെരുവിലും കൈയാങ്കളിയും പോർവിളിയും നടത്തുകയും ചെയ്‌തു. മണ്ഡലം നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന്‌ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഒരുവിഭാഗം വീണ്ടും തെരുവിലിറങ്ങിയത്.

 

Share news