ശബരിമല സ്വർണ മോഷണ കേസ്: തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടി പരിശോധന
.
ശബരിമല സ്വർണ മോഷണ കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. തന്ത്രിയുടെ ചെങ്ങന്നൂരിലെ മുണ്ടൻകാവിലെ വീട്ടിൽ ആണ് എസ്ഐടി സംഘത്തിന്റെ പരിശോധന. കേസിൽ തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ പറ്റിയാണ് എസ്ഐടി പ്രധാനമായും അന്വേഷണം നടത്തുന്നത്. സ്വർണ്ണം മോഷ്ടിച്ചതുവഴി തന്ത്രി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രി ഉണ്ടായിരുന്നത്. ഇവിടെ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രി കണ്ഠര് രാജീവരെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.




