അതിജീവിതയ്ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശം: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പൊലീസ്
.
ഫേസ്ബുക്കിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് പറഞ്ഞ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പൊലീസ്. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് സൈബര്‍ പൊലീസ് അപേക്ഷ നൽകിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് പറഞ്ഞു. ഇത് അതിജീവിതയിൽ ഭയവും മാനസിക സമ്മർദവുമുണ്ടാക്കിയിരുന്നു. രാഹുൽ ചെയ്തത് അപകീർത്തികരമായ കുറ്റമാണ്. രാഹുൽ വീണ്ടും ക്രിമിനൽ കുറ്റം ചെയ്തെന്നും പൊലീസ് പറഞ്ഞു. അപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കുന്നതായിരിക്കും.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ബലാത്സംഗ കേസിൽ പരാതി നൽകിയ യുവതിയെ രാഹുൽ ഈശ്വർ തന്റെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചതാണ് കേസെടുക്കാനും പിന്നീട് അറസ്റ്റിലേക്കും വഴിവെച്ചത്. പിന്നീട് ഈ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. അതിജീവിതയ്ക്കെതിരെ ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിന് ഭാരതീയ ന്യായ സംഹിത 75(1) (iv) വകുപ്പ് പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.




