തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ ആന നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു
.
മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന ആന നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു. നെട്ടൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇന്നലെ വൈകിട്ടാണ് ചരിഞ്ഞത്. ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ആന അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ, ഉത്സവപ്പറമ്പിൽ നിന്നും തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിക്കുന്നത്.

തൃശൂര്‍ പൂരത്തിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള നെല്ലിക്കോട്ട് മഹാദേവൻ ആന പ്രേമികളുടെ ഇഷ്ട ആനകളിലൊന്നായിരുന്നു. നെല്ലിക്കോട്ട് മഹാദേവന് 50 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് കരുതുന്നത്. ആനയെ നാളെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും.




