സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തും
.
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചുമത്തും. മനപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കമുള്ള വകുപ്പുകളാണ് സിദ്ധാർഥിനെതിരെ ചുമത്തുക. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ തമിഴ്നാട് സ്വദേശി തങ്കരാജ് ഇന്നലെ രാത്രിയിലാണ് മരിച്ചത്.

ഈ കഴിഞ്ഞ 24 ന് വൈകീട്ട് കോട്ടയം സിമൻ്റ് കവലയിൽ ആയിരുന്നു അപകടം. നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു.
കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സിദ്ധാർത്ഥ് പ്രഭു നാട്ടുകാരുമായി വാക്ക് തർക്കവും പിന്നാലെ കയ്യാങ്കളിയും നടന്നിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിദ്ധാര്‍ഥുമായുള്ള ബലപ്രയോഗത്തിന് ഒടുവിലാണ് കീഴടക്കിയത്. തങ്കരാജിൻ്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പൂർത്തിയായി. മൃതദേഹം ബന്ധുമിത്രാദികൾക്ക് വിട്ടുകൊടുത്തു.




