കോൺഗ്രസ് ബിജെപി ആയി മാറുന്ന കാഴ്ചയെന്ന് മന്ത്രി എംബി രാജേഷ്
കർണാടക സർക്കാരിൻ്റെ ബുൾഡോസർ രാജ് നമുക്ക് കാട്ടിത്തരുന്നത് കോൺഗ്രസ് ബിജെപി ആയി മാറുന്ന കാഴ്ചയെന്ന് മന്ത്രി എംബി രാജേഷ്. പാവപ്പെട്ട മൂവായിരത്തോളം പേരെയാണ് ബുൾഡോസർ വന്ന് ഇടിച്ചു നിരത്തിതെന്നും ബിജെപിയിൽ നിന്ന് പാഠങ്ങൾ പഠിക്കുകയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയിൽ ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നാവ് ഇറങ്ങിപ്പോയോ എന്നും അദ്ദേഹം ചോദിച്ചു.

വീട് നിർമിക്കാൻ പണംപിരിച്ച ശേഷം കൈമലർത്തുന്ന കോൺഗ്രസിനെയും മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി. ഇവിടെ വീടിന് വേണ്ടി പണം പിരിച്ച മുഖ്യ ആൾ ഇപ്പോൾ ഒളിവിലാണ്. എവിടെയാണ് കെപിസിസി പറഞ്ഞ വീടെന്ന് മന്ത്രി ചോദിച്ചു.

മറ്റത്തൂർ പഞ്ചായത്തിലേത് കോൺഗ്രസ് ആകെ ഒലിച്ചുപോയി ബിജെപിയിൽ ലയിക്കുന്ന ലജ്ജിക്കുന്ന കാഴ്ചയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോൺഗ്രസിന്റെ അറിവോടെയാണ് അത് സംഭവിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി – കോൺഗ്രസ് കൊടുക്കൽ വാങ്ങൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിന് മുൻപുള്ള പരീക്ഷണമാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കൊടുക്കൽ-വാങ്ങൽ.

ഒരു മറയുമില്ലാതെയാണ് ബിജെപിയും കോൺഗ്രസും കൊടുക്കൽ വാങ്ങൽ നടത്തുന്നത്. മോദിയെ നിരന്തരം പ്രശംസിക്കുന്ന തരൂരിന് കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ ഒരു പ്രശ്നവുമില്ല. കോൺഗ്രസ് ബിജെപിയുടെ രീതികൾ പ്രയോഗിക്കുന്നതാണ് നാം കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട ശാസ്തമംഗലം കൗൺസിലർ ശ്രീലേഖയുടേത് അങ്ങേയറ്റം മര്യാദയില്ലാത്ത നടപടിയെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ മര്യാദ എന്നല്ല, സാമാന്യ മര്യാദ പോലുമില്ല. അധികാരം കിട്ടിയ ഉടനെ അസഹിഷ്ണുത പ്രകടമാക്കുകയാണ് അവർ എന്നും മന്ത്രി പറഞ്ഞു




