KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് തിരിതെളിഞ്ഞു

.

ഫറോക്ക്: ഇനി മൂന്ന് രാപ്പകലുകൾ ബേപ്പൂരിന് ഉത്സവനാളുകൾ സമ്മാനിച്ച് ‘ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് അഞ്ചാം പതിപ്പിന് കൊടി ഉയർന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. മേള 28ന് സമാപിക്കും. ആദ്യ ദിവസം മുഖ്യ വേദിയായ മറീനയിൽ ജല സാഹസി‌ക കായിക മത്സരങ്ങളും സാഹസികാഭ്യാസ പ്രകടനങ്ങളും നടത്തുന്നു. മേളയുടെ ഭാഗമായി വിദേശ പ്രതിനിധികളടക്കം പങ്കെടുത്ത അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ് കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളുമുണ്ടായി.

 

മലബാർ, വിദേശ വിഭവങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഫുഡ് ഫെസ്റ്റും ആരംഭിച്ചു. മറ്റ് ആറു വേദികളിലും വ്യത്യസ്‌ത പരിപാടികൾ അരങ്ങേറി. ബേപ്പൂർ പോർട്ടിൽ തീരസംരക്ഷണസേന, നാവികസേന എന്നിവയുടെ യുദ്ധക്കപ്പൽ സന്ദർശനവും നടന്നു. ഫെസ്റ്റ് മുഖ്യവേദിയായ ബേപ്പൂർ മറീന ബീച്ചിൽ നടന്ന പരിപാടിയിൽ കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷനായി. വികെസി മമ്മത് കോയ, സിറ്റി പൊലീസ് ചീഫ് ടി. നാരായണൻ, ചെറുവണ്ണൂർ തിരുഹൃദയ ദേവാലയം ഇടവക വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, പ്രകാൾ കറുത്തേടത്ത്, ഫെസ്റ്റ് സംഘടക സമി‌തി കൺവീനർ ടി. രാധാഗോപി എന്നിവർ സംസാരിച്ചു.

Advertisements

 

ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ജോ. ഡയറക്ടർ ഡി. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകിയ ഘോഷയാത്രയും നടന്നു.

Share news