KOYILANDY DIARY.COM

The Perfect News Portal

‘ഉപ്പും മുളകും’ താരം ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന് പരുക്ക്; മദ്യലഹരിയിൽ പൊലീസിന് നേരെയും ആക്രമണം

.

മദ്യലഹരിയിൽ വാഹനമോടിച്ച് എത്തിയ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും താരം ആക്രമിച്ചതായിട്ടാണ് റിപ്പോർട്ട്. ഒടുവിൽ പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. പോലീസ് കസ്റ്റഡിയിൽ ആയ സിദ്ധാർത്ഥ് പ്രഭു എന്ന താരത്തെ ചിങ്ങവനം പോലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി.

 

കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ നട യാത്രക്കാരൻ റോഡിൽ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ ഇവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു. തുടർന്ന് ചിങ്ങവനം പോലീസ് സംഘം ബലം പ്രയോഗിച്ചാണ് ഇയാളെ വാഹനത്തിൽ കയറ്റിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചതായി കണ്ടെത്തി.

Advertisements
Share news