IFFKയ്ക്ക് സമാപനം; ജാപ്പനീസ് ചിത്രം ‘ടു സീസണ്‍ ടു സ്‌ട്രെയ്‌ഞ്ചേഴ്‌സിന്’ സുവര്‍ണ ചകോരം
.
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ എട്ടുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം ടു സീസണ്‍ ടു സ്‌ട്രെയ്‌ഞ്ചേഴ്‌സ്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഷാഡോ ബോക്‌സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൗമ്യനന്ത സഹി, തനുശ്രീ ദാസ് എന്നിവര്‍ക്ക് ലഭിച്ചു. ഡെലിഗേറ്റുകള്‍ തിരഞ്ഞെടുത്ത ജനപ്രിയചിത്രം തന്ത്രപ്പേര് ആണ്.

ചടങ്ങില്‍ മൗറിത്തേനിയന്‍ സംവിധായകന്‍ അബ്ദെറഹ്‌മാന്‍ സിസാക്കോയ്ക്ക് മുപ്പതാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. ജൂറി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് റസൂലാഫിനെയും സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ സയീദ് മിര്‍സയേയും ചടങ്ങില്‍ ആദരിച്ചു. സ്പാനിഷ് ചിത്രം ബിഫോര്‍ ദി ബോഡി ഒരുക്കിയ കരിന പിയാസ, ലൂസിയ ബ്രാസിലസ് എന്നിവരാണ് മികച്ച സംവിധായകര്‍. ഷാഡോ ബോക്‌സിലെ അഭിനയത്തിന് തിലോത്തമ ഷോം സ്‌പെഷ്യല്‍ ജൂറി മെന്‍ഷന് അര്‍ഹയായി.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, വി കെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഡോ. റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




