‘തൊഴിലുറപ്പ് ബിൽ രണ്ടാം ഗാന്ധിവധത്തിന് തുല്യം; ഡിസംബർ 22 ന് ഇടതുപക്ഷം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും’: ഡോ. ജോൺ ബ്രിട്ടാസ് എംപി
.
തൊഴിലുറപ്പ് ബിൽ രണ്ടാം ഗാന്ധിവധത്തിന് തുല്യമെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലെ നിയമ നിർമ്മാണം നടന്നിട്ടില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി. ‘ജി റാം’ എന്ന പേരുമാറ്റം മഹാത്മാ ഗാന്ധിയെ രണ്ടാമത് വധിക്കുന്നതിന് തുല്യമാണ്. യാതൊരുവിധ ചർച്ചകൾക്കും തയ്യാറാകാതെയും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയും അർദ്ധരാത്രിയിൽ തിരക്കിട്ടാണ് കേന്ദ്രം ഈ ബില്ല് പാസാക്കിയത്.

ബില്ല് പഠിക്കാൻ വേണ്ടി രണ്ടാഴ്ചത്തേക്ക് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമം വരുന്നതോടെ പദ്ധതിയുടെ 40 ശതമാനം സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. ഇത് രാജ്യത്തെ സംസ്ഥാനങ്ങൾക്ക് ആകെ 50,000 കോടി രൂപയുടെ അധികഭാരം ഉണ്ടാക്കും. കേരളത്തിന് മാത്രം ഇതിലൂടെ 2000 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ഏകദേശം 25 കോടി ജനങ്ങളെ ബാധിക്കുന്ന തീരുമാനമാണിത്. ഗ്രാമീണ മേഖലയിലെ ദരിദ്രരെ സഹായിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കൊണ്ടുവന്ന ഈ സുപ്രധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഈ നിയമനിർമ്മാണത്തിനെതിരെ ഡിസംബർ 22-ന് ഇടതുപക്ഷ പാർട്ടികൾ ദേശീയതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇതൊരു പ്രധാന രാഷ്ട്രീയ പ്രചാരണ വിഷയമായി മാറുമെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.




