ട്രെയിനിൽ അധിക ലഗേജ് കൊണ്ടുപോകുന്നോ? ഇനി പണം നൽകണം, നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ
.
ട്രെയിൻ യാത്രകളിൽ കൂടെ കൊണ്ടുപോവുന്ന ലഗേജിന്റെ ഭാരം അനുവദനീയമായ ഭാര പരിധിയ്ക്കു മുകളിലാണെങ്കിൽ ഇനി മുതൽ അധിക തുക നൽകേണ്ടി വരുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കി.യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് പുതിയ നിയന്ത്രണം.

ഇനി മുതൽ യാത്ര തുടങ്ങുന്നതിന് മുമ്പ് അധിക ലഗേജുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ അധിക ലഗേജുമായി യാത്ര ചെയ്താല്‍ പിഴ നല്‍കേണ്ടി വരും. നിലവിൽ സ്ലീപ്പർ ക്ലാസിൽ 40 കിലോ വരെയും, സെക്കൻഡ് ക്ലാസിൽ 35 കിലോ വരെയും സൗജന്യമായി കൊണ്ടുപോകാം.

എസി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോ വരെയാണ് അനുമതിയുള്ളത്. എന്നാൽ ഈ പരിധി ലംഘിക്കുന്നവർക്ക് നിശ്ചിത തുക പിഴയായോ അധിക ചാർജ് ആയോ ഈടാക്കാനാണ് റയിൽവേയുടെ തീരുമാനം. ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയായിരിക്കും അധികമായി ഈടാക്കുക.

വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങൾ ഇനി മുതൽ യാത്ര കോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, ഇവ പാഴ്സൽ വാഗണുകളിൽ മാത്രമേ അനുവദിക്കുകയുള്ളു. പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി കൊണ്ടുപോവാൻ സാധിക്കുന്ന ലഗേജിന്റെ വലുപ്പത്തിലും നിയന്ത്രണം വരും. ഒരു മീറ്റർ നീളം, 60 സെന്റി മീറ്റർ വീതി, 25 സെന്റി മീറ്റർ ഉയരം ഇതായിരിക്കും ഇനി മുതൽ യാത്രക്കാർക്ക് അധിക തുക നൽകാതെ കൊണ്ടുപോവാൻ സാധിക്കുന്ന ലഗേജിന്റെ വലുപ്പ പരിധി.



