‘അണലി’ എന്ന വെബ് സിരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി
.
കൊച്ചി : ‘അണലി’ എന്ന വെബ് സിരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) ഹൈക്കോടതിയെ സമീപിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാൻ നിർദേശിച്ച ജസ്റ്റിസ് വി ജി അരുൺ, വെബ് സിരീസിന്റെ സംപ്രേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല.

കൂടത്തായി കൊലക്കേസുമായി സാദൃശ്യമുള്ളതാണ് അണലി എന്ന വെബ് സിരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സിരീസാണ് അണലി. ഇതിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അഭ്യൂഹങ്ങളുടെ പേരിൽ സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കേന്ദ്രസർക്കാരിനെയും കേസിൽ കക്ഷിയാക്കാൻ നിർദേശിച്ചു. ഹർജി ജനുവരി 15ന് വീണ്ടും പരിഗണിക്കും. ആദ്യ ഭർത്താവ് അടക്കം കുടുംബത്തിലെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്.




