ശബരിമല സ്വർണ്ണ മോഷണ കേസ്: രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി ഹർജിയിൽ വിധി ഇന്ന്
.
ശബരിമല സ്വർണ്ണ മോഷണ കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇ ഡി സമാന്തര അന്വേഷണം നടത്തുന്നത് എസ്ഐടി അന്വേഷണത്തെ ബാധിക്കുമെന്നതാണ് പ്രോസിക്യൂഷൻ വാദം. മുഴുവൻ രേഖകളും കൈമാറാനാകില്ലെന്ന എസ്ഐടിയുടെ വാദം കൂടെ പരിഗണിച്ചാണ് കോടതി വിധി പറയുക. അതേസമയം സ്വർണ്ണ മോഷണ കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ പ്രതിയാക്കിയിരുന്നത്.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. രണ്ട് ജാമ്യ ഹർജികളാണ് ബാബു നൽകിയത്. മൂന്ന് ഹർജികളിലും വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയാൻ മാറ്റുകയായിരുന്നു.




