‘നടി ആക്രമിക്കപ്പെട്ട കേസിൽ പരമാവധി ശിക്ഷ ലഭിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നു; സർക്കാർ അപ്പീൽ നൽകുന്നത് ശരിയായ നടപടി’; പി സതീദേവി
.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധിക്കെതിരെ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. കേസിൽ കുറ്റക്കാരായവർക്ക് പരമാവധി ശിക്ഷ ലഭിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും അതിജീവിതയ്ക്ക് അത് തുറന്ന് പറയേണ്ടി വന്നുവെന്നും അവർ മാധ്യമങ്ങളോടായി പറഞ്ഞു. കൂട്ടബലാത്സംഗ കേസിൽ പോലും പരമാവധി ശിക്ഷ നൽകാത്ത സാഹചര്യമാണ് ഇവിടെയെന്നും അതീവഗൗരവകരമായ അവസ്ഥയാണിതെന്നും പി. സതീദേവി പറഞ്ഞു. അതേ സമയം വിധിയിൽ സർക്കാർ അപ്പീൽ നൽകുന്നത് ശരിയായ നടപടിയാണെന്നും ഇത് പ്രതീക്ഷ നൽകുന്നതാണെന്നും പി സതീദേവി സൂചിപ്പിച്ചു.

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സാഹചര്യം സമൂഹത്തിൽ ഉണ്ടാകണം. അതിനായി സമൂഹവും കൃത്യമായി ഇടപെടണം. ഇപ്പോൾ അതിജീവിതയെ വീണ്ടും അപമാനിക്കാൻ ശ്രമം തുടരുന്നുകയാണെന്നും അവർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ ഐ ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും പി സതീദേവി പറഞ്ഞു.




