മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും അട്ടിമറിച്ച് വിവാദമായ വിബി ജി റാം ജി ബിൽ ലോക്സഭയിൽ പാസാക്കി
.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും അട്ടിമറിച്ച് വിവാദമായ വിബി ജി റാം ജി ബിൽ ലോക് സഭയിൽ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നും പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തിയത്. ബിൽ സ്റ്റാൻഡിംഗ് കമ്മറ്റിക്കോ അല്ലെങ്കിൽ സംയുക്ത പാർലമെൻ്ററി സമതിക്കോ വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇതിനിടെയാണ് ബിൽ ലോക്സഭയിൽ പാസ്സാക്കിയത്.

ഇന്നലെ വൈകിട്ട് 5. 45ന് ആരംഭിച്ച ചർച്ച അർദ്ധരാത്രി 1.40 വരെ നീണ്ടു. ബില്ലിലെ പുതിയ വ്യവസ്ഥകളിലൂടെ സംസ്ഥാനങ്ങൾക്ക് മുകളിൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത് എന്നതുൾപ്പെടെ വലിയ വിമർശനങ്ങൾ പ്രതിപക്ഷ അംഗങ്ങൾ ചർച്ചയുടെ ഭാഗമായി ഉയർത്തിയിരുന്നു.
അതേസമയം സുപ്രധാനമായ ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ആയ രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തിനെതിരെയും വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു.




